< Back
Kerala
തോല്‍വി ഒരു പ്രശ്നമല്ല, നമുക്ക് ആഘോഷിക്കാം; എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് വിനോദയാത്രയുമായി പഞ്ചായത്ത്
Kerala

തോല്‍വി ഒരു പ്രശ്നമല്ല, നമുക്ക് ആഘോഷിക്കാം; എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് വിനോദയാത്രയുമായി പഞ്ചായത്ത്

Web Desk
|
17 Jun 2022 9:31 AM IST

'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്

മലപ്പുറം: പരീക്ഷയില്‍ തോല്‍ക്കുന്നത് ഒരു പ്രശ്നമാണോ? ഒരിക്കലുമല്ല, അത് ജീവിതത്തിന്‍റെ അവസാനവുമില്ല. ഒന്നു 'ചില്‍' ആയി വന്നാല്‍ ആ വിഷമമൊക്കെ മാറി പരീക്ഷ വീണ്ടും എഴുതി ജയിക്കാം. പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്ര പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്ത്. 'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ടവരുമായി ഒരു ദിവസത്തെ വിനോദയാത്രയാണ് ലക്ഷ്യം. ഒരാഴ്‌ചയ്ക്കുള്ളിൽത്തന്നെ യാത്ര സംഘടിപ്പിക്കും. വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്കാണ് പോകുന്നത്. തുടർന്ന് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിങ്. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കു നൽകും. മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സേവനം ഉപയോഗപ്പെടുത്തും.

കുട്ടികൾ ആരൊക്കെയെന്ന് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികൾ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് മാത്രമാണ് അവസരം. 20 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.

Related Tags :
Similar Posts