
കണ്ണൂരിൽ ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയ സംഭവം; ടൂറിസം മന്ത്രി റിപ്പോർട്ട് തേടി
|ശിലാഫലകം കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു
തിരുവനന്തപുരം: കണ്ണൂരിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫലകം മാറ്റിയെന്ന പരാതിയിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. വിഷയം ടൂറിസം സെക്രട്ടറി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. മുൻ സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ തമസ്കരിക്കുന്ന രീതി ഈ സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ ഡിടിപി സിയുടെ കീഴിലുള്ള സീവ്യൂ പാര്‍ക്കില്‍ മുൻ സർക്കാരിൻ്റെ കാലത്തെ നവീകരണ പ്രവർത്തനത്തിൻ്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ടൂറിസംസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
2022 മാര്‍ച്ച് ആറിനാണ് വീണ്ടും നവീകരിച്ച സീവ്യൂ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുന്‍സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്ക്കരിക്കുന്ന രീതി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശിലാഫലകം കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ശിലാഫലകം എടുത്തുമാറ്റി മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുള്ള ശിലാഫലകം സ്ഥാപിച്ചതാണ് വിവാദമായത്. പയ്യാമ്പലം ബേബി ബീച്ചിലെ കുട്ടികളുടെ പാർക്കിന്റെയും സീ പാത്ത് വേയുടെയും ഉദ്ഘാടന ശിലാ ഫലകത്തെ ചൊല്ലിയിരുന്നു വിവാദം.