< Back
Kerala
പൊതുജനം പ്രതിപക്ഷമാകട്ടെ , സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ട് നിൽക്കണം ടി.പി അഷ്റഫലി
Kerala

'പൊതുജനം പ്രതിപക്ഷമാകട്ടെ , സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ട് നിൽക്കണം' ടി.പി അഷ്റഫലി

Web Desk
|
18 May 2021 9:45 AM IST

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി എഫ് ബഹിഷ്കരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷ്റഫലി.

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷ്റഫലി. കേരളത്തില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

500 ഒരു വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും അഷ്‌റഫലി വിമർശിച്ചു. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ടെന്ന് അഷറഫലി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നൽകുന്ന ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കള്‍ വിട്ട് നിൽക്കണമെന്നും ചടങ്ങ് ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം യു.ഡി.എഫ് നേതാക്കൾക്ക് നേരെയും അഷറഫ്അലി വിമർശനം ഉന്നയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യു.ഡി.എഫ് നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണമെന്നും പിണറായിയുടെ ഇഷ്ടക്കാരാകാന്‍ ഇനിയും മത്സരിക്കരുതെന്നുമായിരുന്നു നേതാക്കൾക്കെതിരെയുള്ള ഒളിയമ്പ്

ടി.പി അഷ്‌റഫലിയുടെ ഫേസ്ബുക് പോസ്റ്റിൻറെ പൂർണരൂപം

കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. ഇതിനു UDF നേതാക്കള്‍ പങ്കെടുത്ത് കൂട്ടുനില്‍ക്കരുത്, ചടങ്ങ് ബഹിഷ്‌കരിക്കണം.

500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത് പോലും ഒഴിവാക്കണമെന്ന് പത്രസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോള്‍.

സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില UDF നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. 'പിണറായിയുടെ ഇഷ്ടക്കാരാകാന്‍' ഇനിയും മത്സരിക്കരുത്.

ജനങ്ങളെ പൂട്ടിയിടുകയും മാതൃകയാക്കേണ്ട അധികാരികള്‍ എല്ലാ പ്രോട്ടോക്കളും ലംഘിച്ചു ആഘോഷിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ യു ഡി എഫുകാര്‍ ആ മരണത്തിന്റെ വ്യാപാരികളില്‍ ഉള്‍പ്പെടേണ്ട. ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതിനു മുമ്പേ കേരളത്തിലെ പൊതുജനത്തെ പ്രതിപക്ഷനേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാം.

Similar Posts