
ടി.പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ
|15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. ടി.പി ചന്ദ്രശേഖരനെ വെട്ടി കൊന്ന കേസിൽ നരഹത്യ കുറ്റം ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന കെ.കെ. മുഹമ്മദ് ഷാഫിയ്ക്കും കെ.ഷിനോജിനുമാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
ഇരുവരും കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങി. ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിബന്ധനയിലാണ് പരോൾ . രണ്ടു വർഷം തടവ് പൂർത്തിയായവർക്ക് മാസത്തിൽ 5 ദിവസം പരോൾ അനുവദിക്കാമെന്ന ചട്ട പ്രകാരമാണ് തീരുമാനമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുവർഷം കഴിഞ്ഞെ ഇരു പ്രതികളും തിരിച്ച് ജയിലിൽ എത്തുകയുള്ളൂ.
കേസിലെ നാലാം പ്രതി ടി.കെ രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയൊരാൾക്കു കൂടി പരോൾ ലഭിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രജീഷിന് 3 മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോളാണ്. ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെചുള്ളവർക്ക് പരോൾ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ രജീഷിൻ്റെ പരോളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
30 മാസത്തെ പരോൾ കഴിഞ്ഞ് സെപ്റ്റംബറിൽ ജയിലിലെത്തിയ രജീഷ് ഒന്നരമാസമായി ആയുർവേദ ചികിത്സയിലായിരുന്നു. അത് കഴിയുമ്പോഴേക്കും പുതിയ പരോളും ലഭിച്ചു. കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസമാണ് പരോൾ ലഭിച്ചത്.