
'അട്ടപ്പാടിയിലെ അഞ്ചര ഏക്കർ ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തി'; സമസ്തയിൽ മരം മുറി വിവാദം
|നടപടി ആവശ്യപ്പെട്ട് സമസ്ത ഇസ്‍ലാമിക് സെന്റർ സൗദി ഘടകം, വിദ്യാഭ്യാസ ബോർഡിന് അയച്ച കത്ത് പുറത്തായി
കോഴിക്കോട്: സമസ്തയിൽ മരം മുറി വിവാദം. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അട്ടപ്പാടിയിലെ അഞ്ചര ഏക്കർ ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നാണ് പരാതി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സമസ്ത ഇസ്‍ലാമിക് സെന്റർ സൗദി ഘടകം, വിദ്യാഭ്യാസ ബോർഡിന് അയച്ച കത്ത് പുറത്തുവന്നു.
സമസ്ത നൂറാം വാർഷിക ഉപഹാരമായി ഇസ്‍ലാമിക് സെന്റർ പ്രഖ്യാപിച്ച ആക്സസ് പദ്ധതി മേഖലയിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നാണ് ആക്ഷേപം. സൂക്ഷിക്കാൻ ഏൽപ്പിച്ചവർ തന്നെ അട്ടപ്പാടിയിലെ ഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തി. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് അനുവാദമില്ലാതെ കടത്തിയ തടികൾ. നടപടി ആവശ്യപ്പെട്ട് എസ് ഐ സി സൗദി ഘടകം സമസ്ത വിദ്യാഭ്യാസ ബോർഡിന് അയച്ച കത്തിൽ ഗുരുതര ആക്ഷേപങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ചര ഏക്കറിലായി നിലകൊള്ളുന്ന നിർദ്ദിഷ്ട ആക്‌സസ് പ്രൊജക്റ്റ് ഭൂമിയിലെ തെങ്ങ് ഒഴികെയുള്ള തേക്ക്, ഈട്ടി, സ്ഥിര വരുമാനം ലഭിച്ചിരുന്ന കശുമാവ് ഉൾപ്പടെയുള്ള വിലപിടിപ്പുള്ള മുഴുവൻ മരങ്ങളും കമ്മിറ്റിയുടെ അനുവാദമില്ലാതെ മുറിച്ചു വിറ്റുവെന്നും അസ്മി പ്രീ സ്‌കൂളിന് വേണ്ടി കമ്മിറ്റിയുടെ അനുവാദമില്ലാതെ ലോൺ എടുത്ത് വൻ തുകയ്ക്ക് പഴയ വാഹനങ്ങൾ വാങ്ങിയെന്നും അത് കമ്മിറ്റിക്ക് വലിയ ബാധിതയുണ്ടായി എന്നും കത്തിൽ പറയുന്നു.
മരം മുറിക്കാൻ വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടിന്റെ പേരിൽ കള്ള ഒപ്പ് ഇട്ടെന്നും സമസ്തയുടെ മുഫത്തിശുമാരായ രണ്ട് പേർക്കെതിരെ നടപടി വേണമെന്നും എസ്ഐസി ആവശ്യപ്പെട്ടു.
സൗദി ഘടകം അയച്ച കത്തിലെ പ്രധാന ആവശ്യം. വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ധാർമികത പഠിപ്പിക്കേണ്ടവർ, സാമ്പത്തിക രംഗത്ത് വിശുദ്ധരല്ലെന്ന് വരുന്നത് അംഗീകരിക്കാനാവാത്തതാണെന്നും ഒരു വിഭാഗം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.