
'സത്യം ഒരു നാൾ ഉയർത്തെഴുന്നേൽക്കും'; വീഡിയോ സന്ദേശം പങ്കുവച്ച് പി.പി ദിവ്യ
|യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയാണെന്ന് ഈസ്റ്റർ ആശംസ വീഡിയോയിൽ പി.പി ദിവ്യ പറഞ്ഞു
കണ്ണൂർ: സത്യം ഒരു നാൾ ഉയർത്തെഴുന്നേൽക്കുമെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയാണെന്ന് ദിവ്യ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഏത് പാതളത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരും. നിസ്വാർത്ഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങൾ ഉയർത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. നിലപാടുകൾക്ക് മുൾകുരീടം അണിഞ്ഞ് കുരിശ് മരണം വിധിച്ചാലും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യുമെന്ന് യൂട്യൂബിൽ പങ്കുവെച്ച ഈസ്റ്റർ ആശംസ വീഡിയോയിൽ പി.പി ദിവ്യ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു. കൂടാതെ ദിവ്യക്ക് അനുകൂലമായ ചില പരാമർശങ്ങളും സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യേശുവിന്റെ ഉയർത്തെഴുന്നേൽപ്പും തന്റെ ജീവിതാനുഭവങ്ങളും കൂട്ടിച്ചേർത്ത് പി.പി ദിവ്യ യൂട്യൂബ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.