< Back
Kerala
ഉദ്യോഗസ്ഥർ തമ്മിൽ പടലപ്പിണക്കം:  കെ.എസ്.ഇ.ബിയിൽ അനാവശ്യ സമൂഹമാധ്യമ ഇടപെടൽ വിലക്കി
Kerala

ഉദ്യോഗസ്ഥർ തമ്മിൽ പടലപ്പിണക്കം: കെ.എസ്.ഇ.ബിയിൽ അനാവശ്യ സമൂഹമാധ്യമ ഇടപെടൽ വിലക്കി

Web Desk
|
30 Dec 2021 7:54 AM IST

ഒരു ബോര്‍ഡ് ഡയറക്ടറുടെ സമ്മര്‍ദമാണ് നടപടിക്ക് പിന്നിലെന്നാണ് ആക്ഷേപം. കെഎസ്ഇബിയിലെ കാര്യങ്ങൾ അനാവശ്യമായി സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കുന്നത് തടഞ്ഞ് ചെയര്‍മാന്‍ സര്‍ക്കുലര്‍ ഇറക്കി

കെ.എസ്.ഇ.ബി.യില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പടലപ്പിണക്കം. ഔദ്യോഗിക വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ പ്രതികരിച്ചതിന് ചീഫ് എന്‍ജിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു ബോര്‍ഡ് ഡയറക്ടറുടെ സമ്മര്‍ദമാണ് നടപടിക്ക് പിന്നിലെന്നാണ് ആക്ഷേപം. കെഎസ്ഇബിയിലെ കാര്യങ്ങൾ അനാവശ്യമായി സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കുന്നത് തടഞ്ഞ് ചെയര്‍മാന്‍ സര്‍ക്കുലര്‍ ഇറക്കി.

എറണാകുളത്തെ ഒരു ഉപഭോക്താവ് അയച്ചു നല്‍കിയ പരാതി, ബോര്‍ഡിലെ ഒരു ഡയറക്ടര്‍ ഔദ്യോഗിക വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ പ്രസിദ്ധപ്പെടുത്തി. ഒരു ഉദ്യോഗസ്ഥയുടെ പേരു പറഞ്ഞുള്ള നിസാര പരാതിയായിരുന്നു. ഉദ്യോഗസ്ഥയോട് മാത്രമായി ഇക്കാര്യം അവതരിപ്പിക്കാമായിരുന്നെന്ന് വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ വിതരണ വിഭാഗം ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയര്‍ അഭിപ്രായം പറഞ്ഞു. പിന്നാലെ പരസ്യ പ്രതികരണം നടത്തിയതില്‍ അദ്ദേഹത്തിന് ചെയര്‍മാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബോര്‍ഡ് ഡയറക്ടറുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നാണ് പുറത്തു വരുന്ന വിവരം.

ഒക്ടോബര്‍ 15ന് വിജയദശമി ദിനത്തില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ എഞ്ചിനീയര്‍മാരുടെ യോഗം ഇതേ ഡയറക്ടര്‍ വിളിച്ചിരുന്നു. അവധി ദിവസം യോഗം വിളിച്ചത് ശരിയായില്ലെന്ന് അന്നും ചീഫ് എന്‍ജിനീയര്‍ വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ പറഞ്ഞതാണ്. ഔദ്യോഗിക വാട്‌സ്ആപ്പ്‌ ഗ്രൂപ്പ് തുടങ്ങിയ സമയം മുതല്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചപ്പോഴൊന്നും നടപടി വന്നിട്ടില്ല.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 23ന് കെ.എസ്.ഇ.ബി. ഓഫിസേര്‍സ് അസോസിയേഷന്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം നടന്ന പ്രകടനത്തിനെതിരെ സംസ്ഥാന ഇന്‍റലിജന്‍സ് കെ.എസ്.ഇ.ബിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇതു കൂടി കണക്കിലെടുത്താണ് ചെയര്‍മാന്‍ ബി.അശോകന്‍ സമൂഹ മാധ്യമ ഉപയോഗം നിയന്ത്രിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെയും ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. ഓഫിസേഴ്സ് അസോസിയേഷന്‍റെ അംഗം കൂടിയാണ് ഡയറക്ടര്‍. മുന്‍ വൈദ്യുതി മന്ത്രിയുടെ സ്റ്റാഫംഗമാണ് ഇപ്പോള്‍ സംഘടനാ തലപ്പത്തുള്ളത്. ഡയറക്ടറും ഇദ്ദേഹവുമായുള്ള തര്‍ക്കങ്ങളും നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമായതായും പറയുന്നു.

Related Tags :
Similar Posts