< Back
Kerala
കെഎസ്‍യു  നേതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്; തെറ്റിദ്ധാരണയെന്ന് വാദം
Kerala

കെഎസ്‍യു നേതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്; തെറ്റിദ്ധാരണയെന്ന് വാദം

Web Desk
|
5 Jun 2025 6:51 AM IST

ആരോപണ വിധേയരായ മൂന്ന് നേതാക്കൾക്കും ഒപ്പമെത്തിയായിരുന്നു ആഷിക്ക് ബൈജുവിന്റെ വാർത്താസമ്മേളനം

കൊല്ലം: കൊല്ലത്ത് കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സംസ്ഥാന നേതാക്കൾ പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്. തെറ്റിധാരണ മൂലമാണ് കോടതിയെ സമീപിച്ചതെന്ന വാദവുമായി പരാതിക്കാരൻ ആഷിക്ക് ബൈജു രംഗത്തെത്തി.

ആരോപണ വിധേയരായ മൂന്ന് നേതാക്കൾക്കും ഒപ്പമെത്തിയായിരുന്നു ആഷിക്ക് ബൈജുവിന്റെ വാർത്താസമ്മേളനം.മറ്റൊരു ജില്ലാഭാരവാഹിയാണ് തട്ടിപ്പിന് പിന്നിൽ എന്നതാണ് പുതിയ ആരോപണം.

പൊലീസ് കേസെടുക്കാതെ വന്നതോടെ കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു കോടതിയെ സമീപിച്ചതാണ് നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയായിരുന്നു പരാതി.

തനിക്കെതിരെ ഒരു സ്ത്രീ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം. കേസ് എടുത്തതിന് പിന്നാലെ നേതാക്കൾ ഇടപ്പെട്ട് നടത്തിയ ചർച്ചയിലാണ് തനിക്ക് സത്യാവസ്ഥ മനസിലായതെന്നാണ് ആഷിക്ക് ബൈജുവിന്‍റെ വാദം. കൊല്ലം ജില്ലാകമ്മറ്റി ഭാരവാഹിയായ ഒരാൾ മറ്റൊരു സ്ത്രിയെ ഉപയോഗിച്ച് ഓഡിയോ ക്ലിപ്പ് തയാറാക്കിയെന്നും ആരോപിക്കുന്നു.

ആഷിക്കിനെതിരെ ഗൂഢാലോചന നടത്തിയതിന്റ തെളിവുകൾ സഹിതം പൊലീസിനെ സമീപിക്കുമെന്ന് ആരോപണ വിധേയരായ സംസ്ഥാന നേതാക്കൾ പറയുന്നു. കൊല്ലത്ത് കെഎസ്‍യുവിൽ നിലനിൽക്കുന്ന ശക്തമായ വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളുമാണ് ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിന്നിൽ എന്നാണ് വിവരം.


Related Tags :
Similar Posts