
മലപ്പുറത്ത് നിർമ്മാണം നടക്കുന്ന 22 ഓളം കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ
|ഫെബ്രുവരി 13മുതല്‍ 15വരെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പ്രതികള്‍ മോഷണം നടത്തിയത്
മലപ്പുറം: പൂക്കോട്ടുപാടത്ത് കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് പരത സ്വദേശികളായ ജിത്തു, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. നിർമ്മാണം നടക്കുന്ന 22 ഓളം കെട്ടിടങ്ങളിൽ നിന്ന് ഇവർ വയറുകൾ മോഷ്ടിച്ചെന്ന് പൊലീസ് പറയുന്നു.
പൂക്കോട്ടുപാടത്ത് ഷിഹാദ് എന്നയാളുടെ നിര്‍മാണം നടക്കുന്ന വീട്ടിലും തൊട്ടടുത്ത ജുമാഅത്ത് പള്ളിയിലും അടുത്തിടെ ഒരേ സമയം മോഷണം നടന്നിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റിടങ്ങളിലെ മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഫെബ്രുവരി 13മുതല്‍ 15വരെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കെട്ടിടങ്ങളില്‍ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.