< Back
Kerala
ന​ഗരൂരിൽ പൊലീസുകാരെ അസഭ്യം പറഞ്ഞ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Kerala

ന​ഗരൂരിൽ പൊലീസുകാരെ അസഭ്യം പറഞ്ഞ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
28 Feb 2026 9:25 AM IST

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരൂരിൽ പൊലീസുകാരെ അസഭ്യം പറഞ്ഞ കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രം​ഗത്തെത്തി.

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നാണ് അസോസിയേഷൻ പ്രതികരിച്ചത്. ആർക്കെങ്കിലും അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണ്. ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് മേധാവിയോട് അസോസിയേഷൻ ആവശ്യപ്പെട്ടു.

തങ്ങളുടെ ഫ്‌ളക്‌സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാരെ തടഞ്ഞുനിർത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടാകുകയും ഇരുപക്ഷവും ചേരിതിരഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരൂരിൽ കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർക്കപ്പെടുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതിചേർത്ത് പൊലീസ് കേസുമെടുത്തു. കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ പോകുമ്പോഴാണ് പൊലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുന്നത്.

നഗരൂർ എസ്‌ഐയടക്കം സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം തടഞ്ഞുനിർത്തുകയും പ്രവർത്തകർ അസഭ്യവർഷം നടത്തുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് തുടർച്ചയായി മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകോപിതരാവുന്നതും എസ്‌ഐയെ അടക്കം ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ ഒമ്പത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വിഷ്ണു, ഫൈസൽ, രതീഷ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികൾ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് എഫ്‌ഐആർ. പൊലീസ് സ്റ്റേഷനിലെത്തിയും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.

Similar Posts