
പയ്യാമ്പലം ബീച്ച് Photo: Special arrangement
കണ്ണൂർ പയ്യാമ്പലത്ത് തിരയിൽ പെട്ട് മൂന്ന് മരണം; മരിച്ചത് കർണാടക സ്വദേശികൾ
|അപകട സാധ്യത മുൻനിർത്തി കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെ അവഗണിച്ചെന്ന് നാട്ടുകാർ പറഞ്ഞു
കണ്ണൂർ: കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് മൂന്ന് പേർ മരിച്ചു. കർണാടക സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.
ബാംഗ്ലൂരിൽ നിന്നുള്ള ഡോക്ടർമാരടങ്ങിയ എട്ടംഗ സംഘമാണ് 12 മണിയോടെ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂന്നുപേർ തിരയിൽ പെടുകയായിരുന്നു. അപകടമേഖലയായിരുന്നിട്ട് പോലും ജാഗ്രത കൂടാതെ കടലിലിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പേരെ ആദ്യം കരക്കടുപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്നാമനെയും മരിച്ച നിലയിൽ പുറത്തെടുക്കുകയായിരുന്നു. ബംഗലൂരു സ്വദേശികളായ മുഹമ്മദ് അഫ്രാസ്, അഫ്നാൻ അഹമ്മദ്, റെഹാനുദ്ധീൻ എന്നിവരാണ് മരിച്ചത്.
അപകടങ്ങൾ പതിവായ മേഖലയിലാണ് ഇവർ കുളിക്കാനിറങ്ങിയത്. അപകട സാധ്യത മുൻനിർത്തി കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെ അവഗണിച്ചെന്ന് നാട്ടുകാർ പറഞ്ഞു.