< Back
Kerala
Two more Youth Congress leaders arrested in manhandling cochin corporation secretary
Kerala

കോർപറേഷൻ സെക്രട്ടറിയെ മർദിച്ച കേസ്: രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി അറസ്റ്റിൽ

Web Desk
|
18 March 2023 7:23 PM IST

സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: കൊച്ചി കോർപറേഷൻ സെക്രട്ടറിയെ മർദിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി അറസ്റ്റിൽ. സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ സംഘടനാ ഭാരവാഹിയായ ജെറിൻ ജെസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെയാണ് വ്യാപക അക്രമമുണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദറിനെയും ക്ലാർക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനെയും ആക്രമിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത പന്ത്രണ്ട് മണിക്കൂർ ഉപരോധ സമരത്തിനിൽ വ്യാപകമായ അക്രമമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ സുധാകരൻ സംസാരിക്കുമ്പോഴും കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തുന്നുണ്ടായിരുന്നു. വൈകിട്ട് അഞ്ച് മണി വരെയായിരുന്നു ഉപരോധം.

Similar Posts