< Back
Kerala
തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു
Kerala

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

Web Desk
|
3 Sept 2024 2:21 PM IST

ഓഫിസ് ജീവനക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിലാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

മരിച്ചവരിൽ ഒരാൾ ഓഫിസ് ജീവനക്കാരിയും മേലാംകോട് സ്വദേശിയുമായ വൈഷ്ണ (34) ആണ്. മരിച്ച മറ്റൊരാൾ ഓഫിസിലെത്തിയ ഉപഭോക്താവാണെന്ന് ​പൊലീസ് അറിയിച്ചു. പണമടക്കാനായി ഓഫിസിലെത്തിയതായിരുന്നു ഇയാൾ. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

മരിച്ച രണ്ടുപേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഓഫിസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്. ഓഫിസിലെ ചില്ല് പൊട്ടിത്തെറിച്ച് റോഡിലെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ ഉയർന്നതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്തേക്ക് ഇറങ്ങാനായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യം പുക ഉയരുന്നതാണ് കണ്ടത്. പിന്നീടാണ് തീ ആളിപ്പടർന്നത്. 15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. നേമം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘം സ്ഥലം പരിശോധിക്കുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടറും സ്ഥലത്തെത്തി.

Read More: സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്; മരിച്ച രണ്ടാമത്തെയാൾ വൈഷ്ണയുടെ ഭർത്താവെന്ന് സംശയം

Related Tags :
Similar Posts