< Back
Kerala
നെടുമങ്ങാട് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘർഷം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കീഴടങ്ങി

Photo: MediaOne

Kerala

നെടുമങ്ങാട് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘർഷം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കീഴടങ്ങി

Web Desk
|
23 Oct 2025 6:43 PM IST

മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച കേസിലെ പ്രതികളാണ് കീഴടങ്ങിയവർ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘർഷത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കീഴടങ്ങി. കരകുളം സ്വദേശി നിസാമുദ്ദീൻ, വട്ടപ്പാറ സ്വദേശി ഷംനാദ് എന്നിവരാണ് അരുവിക്കര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച കേസിലെ പ്രതികളാണ് കീഴടങ്ങിയവർ.

ദീപാവലിയുടെ തലേദിവസം നടന്ന സംഘർഷത്തിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിൽ രണ്ടുപേരാണ് ഇന്ന് കീഴടങ്ങിയത്. എസ്ഡിപിഐയുടെ ആംബുലൻസ് അടിച്ചുതകർത്ത പത്ത് പേർക്കെതിരെയും ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച പത്ത് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. അവർക്കുവേണ്ടിയുള്ള അന്വേഷണം പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഘർഷത്തിലേക്ക് നയിച്ചുവെന്ന സംശയിക്കപ്പെടുന്ന രണ്ടുപേർ കീഴടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കരകുളം പഞ്ചായത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്‍ഡിപിഐ-സിപിഎം സംഘർഷം നിലനിന്നിരുന്നു. എസ്‍ഡിപിഐ കരകുളം ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരുടെ വീടിനു നേരെ ആക്രമണം ഉണ്ടായി. വീടിനുമുന്നിൽ പാർക്ക് ചെയ്ത ആംബുലൻസ് മാരകായുധം ഉപയോഗിച്ചാണ് തകർത്തത്.

രാത്രി 12 മണിക്കാണ് നെടുമങ്ങാട് ആശുപത്രിക്ക് മുന്നിലെ ഡിവൈഎഫ്ഐ റെഡ് ആംബുലൻസ് തീയിട്ട് നശിപ്പിച്ചത്. ആംബുലൻസിൻ്റെ പുറകിലാണ് തീ ഇട്ടതെന്നും ആരാണ് തീയിട്ടതെന്ന് കണ്ടില്ലെന്നും ദൃക് സാക്ഷി സതീഷ് എസ് മീഡിയവണിനോട് പറഞ്ഞു.എസ്‍ഡിപിഐയാണ് അക്രമം അഴിച്ചുവിട്ടു എന്നാണ് ഡിവൈഎഫ്ഐ ആരോപണം.സിപിഎമ്മാണ് എല്ലാത്തിനും കാരണമെന്നാണ് എസ്ഡിപിഐയുടെ ആരോപണം.

Similar Posts