< Back
Kerala
Two-wheeler fraud scheme
Kerala

'പകുതി വിലയ്ക്ക് സ്കൂട്ടർ'; കണ്ണൂർ ജില്ലയിൽ മാത്രം പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്

Web Desk
|
5 Feb 2025 6:59 AM IST

തട്ടിപ്പിൽ കുടുങ്ങിയത് ഏറെയും സ്ത്രീകളാണ്

കണ്ണൂര്‍: പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനത്തിൽ കുടുങ്ങി കണ്ണൂർ ജില്ലയിൽ മാത്രം പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം പിടിയിലായ അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിലും തട്ടിപ്പ് നടത്തിയത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു തട്ടിപ്പ്. 60,000 രൂപ അടച്ചാൽ ഒന്നേകാൽ ലക്ഷത്തിന്‍റെ ഇരുചക്രവാഹനം. ഇതായിരുന്നു വാഗ്ദാനം. തട്ടിപ്പിൽ കുടുങ്ങിയത് ഏറെയും സ്ത്രീകൾ.

പ്രാദേശിക തലത്തിൽ സീഡ് സൊസൈറ്റികൾ സ്ഥാപിച്ചായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. സാമൂഹ്യപ്രവർത്തകരെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും സൊസൈറ്റിയുടെ കോഡിനേറ്റർമാരായി നിയമിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് സൊസൈറ്റിയിൽ അംഗത്വം എടുത്തത്. പകുതി വിലക്ക് ഓണക്കിറ്റും ഗൃഹോപകരണങ്ങളും നൽകി ആദ്യം ജനങ്ങളുടെ വിശ്വാസം ആർജിച്ചു. പിന്നാലെ ആയിരുന്നു ഇരുചക്രവാഹനം എന്ന വാഗ്ദാനം. 50000 മുതൽ 60,000 രൂപ വരെയാണ് പലരിൽ നിന്നും പിരിച്ചെടുത്തത്. നൂറു ദിവസത്തിനകം വാഹനം വീട്ടിലെത്തുമായിരുന്നു വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞതോടെയാണ് തട്ടിപ്പെന്ന് വ്യക്തമായത്.

വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് സ്കൂട്ടറുകൾ പകുതി വിലയ്ക്ക് നൽകുന്നത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. സ്കൂട്ടറിന് പുറമേ ലാപ്ടോപ്പ്,തയ്യിൽ മിഷൻ തുടങ്ങിയവയുടെ പേരിലും തട്ടിപ്പ് നടന്നു. കണ്ണൂർ,വളപട്ടണം, മയ്യിൽ,ശ്രീകണ്ഠപുരം, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലായി രണ്ടായിരത്തോളം പേരാണ് ഇതുവരെ പരാതിയുമായി എത്തിയത്. പരാതി നൽകിയവരെ കമ്പനി ഉടമകൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.



Similar Posts