< Back
Kerala
രണ്ടു വയസുകാരിക്ക് മർദനമേറ്റ സംഭവം; അമ്മയുടെ സഹോദരിയും ആൺ സുഹൃത്തും കടന്നുകളഞ്ഞു
Kerala

രണ്ടു വയസുകാരിക്ക് മർദനമേറ്റ സംഭവം; അമ്മയുടെ സഹോദരിയും ആൺ സുഹൃത്തും കടന്നുകളഞ്ഞു

Web Desk
|
22 Feb 2022 8:03 AM IST

ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്

എറണാകുളം തൃക്കാക്കരയിൽ രണ്ടു വയസുകാരിക്ക് മർദനമേറ്റ സംഭവത്തിൽ അമ്മയുടെ സഹോദരിയും ഇവരുടെ ആൺ സുഹൃത്തും കടന്നുകളഞ്ഞു. കുട്ടിയുടെ പരിക്ക് വാർത്ത ആയതിനു പിന്നാലെ ആണ് ഇവർ മുങ്ങിയത്. ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

തൃക്കാക്കര സ്വദേശിയുടെ മകളാണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നത്. ഇന്നലെ നടത്തിയ എംആർഐ പരിശോധനാ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനമെടുക്കൂവെന്നാണ് ഡോക്ടറുടെ വിശദീകരണം. ശരീരമാസകലം മുറിവേറ്റ പാടുകളുമായാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. അപസ്മാരത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയാണ് ആശുപത്രി അധികൃതർ പൊലീസില്‍ വിവരമറിയിച്ചത്.

കുട്ടിയുടെ മാതാവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടി സ്വമേധയാ ഉണ്ടാക്കിയ മുറിവുകളെന്നാണ് കുടുംബത്തിന്റെ വിശദീകരണം. എന്നാല്‍‌ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. മുറിവുകളുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് കേസ്. കുട്ടിയെ അപസ്മാരത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍പെട്ടത്. ശരീരമാസകലം മുറിവേറ്റിട്ടുള്ള കുട്ടിക്ക് അതുവരെ ചികിത്സ നല്‍കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബം താമസിച്ച വീടിന്റെ അയല്‍ക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങല്‍ തേടിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് നേരെ മർദനം ഉണ്ടായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

Similar Posts