< Back
Kerala
കൊല്ലത്ത് പോക്സോ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
Kerala

കൊല്ലത്ത് പോക്സോ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

Web Desk
|
28 Dec 2025 6:38 AM IST

ചിതറ മതിര തെറ്റിമുക്ക് സ്വദേശി മുഹമ്മദ് ഫൈസൽ, മാങ്കോട് സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്

കൊല്ലം: ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ അറസ്റ്റിൽ. 17കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച 19 കാരനും 15 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 27കാരനുമാണ് അറസ്റ്റിലായത്. ചിതറ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

ചിതറ മതിര തെറ്റിമുക്ക് സ്വദേശി മുഹമ്മദ് ഫൈസൽ, മാങ്കോട് സ്വദേശി സുമേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഒരു വർഷമായി 17 വയസുകാരിയുമായി അടുപ്പത്തിലായിരുന്ന മുഹമ്മദ്‌ ഫൈസൽ പെണ്‍കുട്ടിയെ പലതവണ പീഡനത്തിനും ഇരയാക്കി. തുടർന്ന് പെൺകുട്ടിയെ എറണാകുളത്തേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പള്ളിക്കൽ പൊലീസ് എറണാകുളത്തു നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ചിതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി വിവരം അറിയുന്നത്. പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയതിനും തട്ടിക്കൊണ്ടു പോകലിനും പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പള്ളിക്കൽ പൊലീസ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചിതറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും നടത്തി.

മറ്റൊരു കേസിൽ 15 വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടാൻ ശ്രമിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്ത മാങ്കോട് ഇരപ്പിൽ സ്വദേശി സുമേഷിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Similar Posts