< Back
Kerala
ആറന്മുളയിൽ വീണാ ജോർജിനെ വീഴ്ത്താൻ ഓർത്തഡോക്സ് സഭയിലെ പ്രമുഖനെ കളത്തിലിറക്കാൻ യുഡിഎഫ്
Kerala

ആറന്മുളയിൽ വീണാ ജോർജിനെ വീഴ്ത്താൻ ഓർത്തഡോക്സ് സഭയിലെ പ്രമുഖനെ കളത്തിലിറക്കാൻ യുഡിഎഫ്

Web Desk
|
23 Jan 2026 7:08 AM IST

ഇക്കുറി ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ്

പത്തനംത്തിട്ട: ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ ഓർത്തഡോക്സ് സഭയിലെ പ്രമുഖനെ കളത്തിലിറക്കാൻ യുഡിഎഫ്. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും. സമുദായ സമവാക്യങ്ങളിൾ വിള്ളലുണ്ടാക്കിയാൽ മണ്ഡലം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നീക്കം.

കഴിഞ്ഞ രണ്ട് തവണയും ആറന്മുള ഇടത് കോട്ടയായി കാത്ത വീണ ജോർജ് തന്നെയാകും ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി എന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.എന്നാൽ ഇക്കുറി ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ്.

സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത നീക്കങ്ങളാണ് കോൺഗ്രസ് പാളയത്തിൽ നടക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സമുദായ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള ആറന്മുളയിൽ സഭയുടെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കാൻ ബിജു ഉമ്മന്റെ സ്ഥാനാർഥിത്വത്തിലൂടെ സാധിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

മന്ത്രി എന്ന നിലയിലുള്ള സ്വാധീനവും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളും മുൻ നിർത്തിയാണ് വീണാ ജോർജിന്റെ മൂന്നാം അങ്കം. ഭരണവിരുദ്ധ വികാരത്തിനൊപ്പം സമുദായ വോട്ടുകളുടെ ധ്രുവീകരണം കൂടി ആയാൽ മണ്ഡലം പിടിക്കാമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെപിസിസി അംഗം ജോർജ് മാമൻ കൊണ്ടൂർ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജയ് ഇന്ദ്രചൂഢൻ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുവെങ്കിലും ഓർത്തഡോക്സ് സഭയ്ക്ക് വോട്ടുബാങ്കുള്ള മണ്ഡലത്തിൽ സഭാ സെക്രട്ടറിയുടെ പേരിന് തന്നെയാണ് മുൻ‌തൂക്കം. ബിജു ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയാൽ ആറന്മുളയിൽ ഇത്തവണ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.


Similar Posts