< Back
Kerala
udf candidate chandy oommen begins election campaign
Kerala

അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപനം; പിന്നാലെ ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങി

Web Desk
|
9 Aug 2023 6:50 AM IST

പിതാവിന്‍റെ കല്ലറയിലെത്തി പ്രാർഥിച്ച യു.ഡി.എഫ് സ്ഥാനാർഥി നേരെ പോയത് പാമ്പാടി ദയറയിലേക്ക്. തുടർന്ന് മണർകാട് പള്ളിയിലും ക്ഷേത്രത്തിലും

കോട്ടയം: സ്ഥാനാർഥിയെ നിശ്ചയിച്ച നിമിഷം മുതൽ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അനുഗ്രഹം തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പര്യടനങ്ങൾക്ക് തുടക്കം കുറിച്ചു.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച വേളയിൽ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ ചാണ്ടി ഉമ്മൻ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി. പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം ഈ തെരഞ്ഞെടുപ്പിൽ നിഴലിക്കും. അതോടൊപ്പം സർക്കാറിനെതിരെയുള്ള ജനവിധി കൂടിയാകും ഈ തെരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു- "അപ്പ ജീവിച്ചത് മുഴുവൻ കോൺഗ്രസിന് വേണ്ടിയാണ്. ആ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി നിൽക്കുക എന്നത് എന്റെ കടമയാണ്. എന്റെ അപ്പ ആഗ്രഹിക്കുന്നതും അതായിരിക്കും".

പിതാവിന്‍റെ കല്ലറയിലെത്തി പ്രാർഥിച്ച യു.ഡി.എഫ് സ്ഥാനാർഥി നേരെ പോയത് പാമ്പാടി ദയറയിലേക്ക്. തുടർന്ന് മണർകാട് പള്ളിയിലും ക്ഷേത്രത്തിലും. ആദ്യ ചുവടുകൾ ചടുലമാക്കി സ്ഥാനാർഥി തയ്യാറായതോടെ അണികൾ ഓൺലൈനായും ഓഫ് ലൈനായും പോസ്റ്ററുകളുമായി രംഗത്തെത്തി.

ഇടതു മുന്നണി ഇന്ന് പഞ്ചായത്ത് തല യോഗങ്ങൾ ചേർന്ന് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ബൂത്തുകളുടെ ചുമതലകൾ വീതിച്ച് നൽകി വീടുകൾ കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കും.സ്ഥാനാർഥി പ്രഖ്യാപനം വരുന്ന മുറക്ക് പോസ്റ്ററുകൾക്കും ചുമരെഴുത്തുകൾക്കും വേണ്ട ക്രമീകരണങ്ങളിലേക്ക് കടക്കാനാണ് ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നില മെച്ചപ്പെടുത്താനുതകുന്ന സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള ശ്രമം ബി.ജെ.പിയും ആരംഭിച്ചു.


Similar Posts