< Back
Kerala
aryadan shoukath
Kerala

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം

Web Desk
|
26 May 2025 6:37 AM IST

നിലമ്പൂരിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം. നിലമ്പൂരിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ആര്യാടൻ ഷൗക്കത്ത്. കെപിസിസി പുനഃസംഘടനയിൽ പരിഗണിച്ച സാമുദായിക സമവാക്യത്തിന്‍റെ തുടർച്ച കൂടി കണക്കിലെടുത്തതാണ്

ആര്യാടന് മുൻതുക്കം ലഭിക്കാൻ കാരണം. ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെ പേരാണ് പരിഗണനയിലുള്ള മറ്റൊരാൾ. ഒറ്റ പേരായിരിക്കും കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് നൽകുക. ഇന്ന് കൊച്ചിയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും.

അതേസമയം നിലമ്പൂരിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ നാളെ ചേരുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കുന്ന പട്ടിക , മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കൈമാറും. ചർച്ച ചെയ്ത ശേഷം തിരിച്ചയക്കുന്നവരിൽ ഒരാളെ സിപിഎമ്മിന്‍റെ സംസ്ഥാന നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിക്കും.യുഡിഎഫ് സ്ഥാനാർഥി നിർണയം കൂടി പരിഗണിച്ചാകും എൽഡിഎഫ് ചർച്ചകൾ. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, എം.തോമസ് മാത്യു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പി.ഷബീർ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.

അപ്രതീക്ഷിതമായ ചില പേരുകൾ കേട്ടാലും അത്ഭുതപ്പെടാനില്ലെന്നാണ് സിപിഎമ്മിന്‍റെ ചില നേതാക്കൾ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിർണായക പോരാട്ടം ആയതുകൊണ്ട് സ്ഥാനാർഥി നിർണയത്തിലും പ്രചരണത്തിലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പാർട്ടി തീരുമാനം.


Similar Posts