
'യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യം, തല്‍ക്കാലം നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ല': പി.വി അൻവർ
|'അസോസിയേറ്റ് മെമ്പര്‍ഷിപ്പ് താന്‍ അംഗീകരിച്ചിട്ടും പ്രഖ്യാപിക്കാന്‍ സതീശന്‍ വൈകിപ്പിച്ചു'
മലപ്പുറം: നിലപാട് കടുപ്പിച്ച് പി.വി അൻവർ. യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമാണെന്നും തല്‍ക്കാലം നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.വി അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പി.വി അൻവറിനെ ഒതുക്കാനാണോ അതോ പിണറായി വിജയനെ ഒതുക്കാനാണോ എന്ന് അദ്ദേഹം ചോദിച്ചു.
'യുഡിഎഫ് ചര്‍ച്ചയെക്കുറിച്ച് അറിയില്ല. യുഡിഎഫ് കണ്‍വീനര്‍ ബന്ധപ്പെട്ടിട്ടില്ല. തന്നെ ഒതുക്കലാണോ യുഡിഎഫ് ചെയർമാന്റെ ലക്ഷ്യം. അസോസിയേറ്റ് മെമ്പര്‍ഷിപ്പ് താന്‍ അംഗീകരിച്ചിട്ടും പ്രഖ്യാപിക്കാന്‍ സതീശന്‍ വൈകിപ്പിച്ചു. പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയാൽ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് കെസിയോട് സതീശൻ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ 7.45 വരെ കോഴിക്കോട് കെസിയെ കാണാൻ കാത്തിരുന്നു തല്‍ക്കാലം നയം വ്യക്തമാക്കാന്‍ തീരുമാനിച്ചിട്ടില്ല. എനിക്ക് വേണ്ടി ഇനി ആരുടെയും കാലുപിടിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞിട്ടുണ്ട്. ഇനി പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്'- പി.വി അൻവർ പറഞ്ഞു.
തന്നെ ടി.പി യോ മഅ്ദനിയോ ആക്കാനാണ് വി.ഡി സതീശൻ ശ്രമിക്കുന്നതെന്നും വെട്ടിക്കൊന്നോ ജയിലിലടച്ചോ ഇല്ലായ്മ ചെയ്യാനുള്ള സ്ട്രാറ്റജി യുഡിഎഫ് ചെയർമാന് ഉണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇനി യുഡിഎഫിന്‍റെ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ടിഎംസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.എ സുകു മീഡിയവണിനോട് പറഞ്ഞിരുന്നു.