< Back
Kerala
തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് നേരിയ മുൻതൂക്കം
Kerala

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് നേരിയ മുൻതൂക്കം

Web Desk
|
25 Feb 2025 5:47 PM IST

യുഡിഎഫ് രണ്ട് സീറ്റ് വർധിപ്പിച്ചപ്പോൾ എൽഡിഎഫിന് രണ്ട് സീറ്റ് കുറഞ്ഞു

തിരുവനന്തപുരം: തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മുൻതൂക്കം. യുഡിഎഫ് രണ്ട് സീറ്റ് വർധിപ്പിച്ചപ്പോൾ എൽഡിഎഫിന് രണ്ട് സീറ്റ് കുറഞ്ഞു. 17 സീറ്റില്‍ എൽഡിഎഫും 12 ല്‍ യുഡിഎഫുമാണ് വിജയിച്ചത്. ഒരു സീറ്റ് എസ്ഡിപിഐയും പിടിച്ചെടുത്തു.

സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ട് വീറും വാശിയും പ്രകടമായിരുന്നു മത്സരരംഗത്ത്. ഉപതെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല.

എൽഡിഎഫിൽ നിന്ന് 6 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ, യുഡിഎഫിൻ്റെ മൂന്ന് സിറ്റിംങ് സീറ്റിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എസ്ഡിപിഐ വിജയിച്ചു. തിരുവനന്തപുരം കരകുളം, പത്തനംതിട്ട അയിരൂർ, എറണാകുളം പായിപ്ര, അശമന്നൂർ, മലപ്പുറം തിരുനാവായ, കോഴിക്കോട് പുറമേരി പഞ്ചായത്തിലെ ഓരോ വാർഡുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം പൂവച്ചൽ, ഇടുക്കി വാത്തുക്കുടി എറണാകുളം പൈങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. വാത്തുകുടിയിൽ ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ്‌ വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ് 12 വോട്ടിന് എൽഡിഎഫ് നിലനിർത്തി. എൻഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ സാധിച്ചിട്ടില്ല. കാസർഗോഡ് ജില്ലയിലെ രണ്ട് വാർഡില്‍ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Similar Posts