< Back
Kerala
സ്ത്രീകളെ അധിക്ഷേപിച്ചയാൾ ഞങ്ങൾക്ക് സത്യവാചകം ചൊല്ലി തരേണ്ട; സിപിഎം നേതാവ് സയ്യിദ് അലി മജീദിനെതിരെ യുഡിഎഫ് മെമ്പര്‍മാര്‍
Kerala

'സ്ത്രീകളെ അധിക്ഷേപിച്ചയാൾ ഞങ്ങൾക്ക് സത്യവാചകം ചൊല്ലി തരേണ്ട'; സിപിഎം നേതാവ് സയ്യിദ് അലി മജീദിനെതിരെ യുഡിഎഫ് മെമ്പര്‍മാര്‍

Web Desk
|
17 Dec 2025 2:33 PM IST

സ്ത്രീത്വത്തെ മൊത്തം അപമാനിച്ചിട്ട് അയാൾ തന്നെ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ അതേറ്റു പറയാൻ ഞങ്ങൾക്കൽപം പ്രയാസമുണ്ട്

മലപ്പുറം: മലപ്പുറം തെന്നല പഞ്ചായത്തിൽ സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച സിപിഎം നേതാവും വാർഡ് മെമ്പറുമായ സയ്യിദ് അലി മജീദ് ,സത്യവാചകം ചൊല്ലി തരുന്നതിനെതിരെ യുഡിഎഫ് വാർഡ് മെമ്പർമാർ. പഞ്ചായത്തിലെ മുതിർന്ന അംഗമായ സയ്യിദ് മജീദലി ആണ് നിയമപ്രകാരം സത്യവാചകം ചൊല്ലി നൽകേണ്ടത്. ഇതിനെതിരെ യുഡിഎഫ് വാർഡ് മെമ്പർമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി. സ്ത്രീകളെ അധിക്ഷേപിച്ചയാൾ തങ്ങൾക്ക് സത്യവാചകം ചൊല്ലി തരണ്ടെന്നും അത് ബുദ്ധിമുട്ടാണെന്നും മെമ്പര്‍മാര്‍ പറയുന്നു.

''സ്ത്രീത്വത്തെ മൊത്തം അപമാനിച്ചിട്ട് അയാൾ തന്നെ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ അതേറ്റു പറയാൻ ഞങ്ങൾക്കൽപം പ്രയാസമുണ്ട്. ഇതിൽ പലരും പുതുതായി പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്നവരാണ്. അവരുടെ തുടക്കം തന്നെ ഇത്തരത്തിൽ മോശമായ പരാമര്‍ശം ഉന്നയിച്ച ഒരാള് സത്യവാചകം ചൊല്ലിത്തരുമ്പോൾ അയാൾ പറയുന്നത് അംഗീകരിക്കുന്നതിലേക്ക് കാര്യങ്ങൾ പോകും'' എന്ന് ഒരു വനിതാ മെമ്പര്‍ പറയുന്നു.

'' 19ൽ 14 സീറ്റിലാണ് യുഡിഎഫ് ജയിച്ചത്.അതിൽ ഏഴ് പേര്‍ സ്ത്രീകളാണ്. സിപിഎമ്മിന്‍റെ ഒരു സാധാരണ പ്രവര്‍ത്തകനല്ല അദ്ദേഹം, ലോക്കൽ സെക്രട്ടറിയാണ്. അദ്ദേഹം മത്സരിക്കുന്നതിന് വേണ്ടിയിട്ട് സ്ഥാനം രാജിവച്ച് ഇപ്പോൾ ഏരിയ കമ്മിറ്റി അംഗമാണ്. കേരളത്തിലെ മൊത്തം സ്ത്രീ സമൂഹത്തെ തന്നെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചിട്ട് സ്ത്രീകൾക്ക് ഈ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ ഞങ്ങൾക്ക് പ്രയാസമുണ്ട്. ആ സത്യവാചകം ഏറ്റുചൊല്ലാനും പ്രയാസമുണ്ട്. ഇത് കലക്ടറെ ധരിപ്പിച്ചിട്ടുണ്ട്. കലക്ടറത് ഇലക്ഷന്‍ കമ്മീഷനെ അറിയിച്ച് ഒരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നു'' മലപ്പുറം ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഷെരീഫ് വടക്കേൽ മീഡിയവണിനോട് പറഞ്ഞു.

വിജയാഹ്ളാദ പ്രകടനത്തിനിടെയായിരുന്നു തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.വി സയ്യിദ് അലി മജീദ് സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്. 'നിങ്ങൾ ഇരുപത് പേരെയിറക്കിയാൽ ഇരുനൂറ് പേരെയിറക്കാനുള്ള പെൺകുട്ടികൾ ഞങ്ങളുടെ വീട്ടിലുമുണ്ട്. ഞങ്ങളുടെയൊക്കെ മക്കൾ കല്യാണം കഴിച്ചത് ഭർത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനാണ്. വോട്ടിന് വേണ്ടി അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ചവെക്കാനല്ല' എന്നായിരുന്നു അധിക്ഷേപ പ്രസംഗം. ഇതിനെതിരെ വനിത ലീഗും യൂത്ത് ലീഗും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയിട്ടുണ്ട്.



Similar Posts