< Back
Kerala
UDF-ruled local bodies not to provide funds for the NavaKerala Sadass of the Kerala Chief Minister and ministers
Kerala

നവകേരള സദസ്സിന് പണപ്പിരിവ്; യു.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകില്ല

Web Desk
|
11 Nov 2023 11:20 AM IST

തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നവകേരള സദസ്സിന് നൽകണം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനായി ഫണ്ട് നൽകേണ്ടെന്ന തീരുമാനവുമായി യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഫണ്ട് നൽകേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളെ യു.ഡി.എഫ് അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് നവകേരള സദസിന്റെ സംഘാടക സമിതിക്ക് പണം കൈമാറാമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നവകേരള സദസ്സിന് നൽകണം. കോർപറേഷനുകൾ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തുക്കൾ മൂന്ന് ലക്ഷവും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ഭരണസമിതിക്കോ പഞ്ചായത്ത് സെക്രട്ടറിക്കോ തുക അനുവദിക്കാം.

എന്നാല്‍, ഈ തുക നൽകേണ്ടതില്ലെന്നാണ് യു.ഡി.എഫ് നിലപാട്. കേരളീയത്തിനു വേണ്ടിയുള്ള ധൂര്‍ത്തിനുശേഷം നവകേരള സദസ്സിനും പണം പിരിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഉത്തരവ് തദ്ദേശ ഭരണസമിതികളും സെക്രട്ടറിമാരും തമ്മിലുള്ള തർക്കങ്ങളിലേക്കും നയിച്ചേക്കാം.

Summary: UDF-ruled local bodies not to provide funds for the NavaKerala Sadass of the Kerala Chief Minister and ministers

Similar Posts