< Back
Kerala
അയ്യപ്പസംഗമം പൂർണ പരാജയമെന്ന് യുഡിഎഫ്
Kerala

അയ്യപ്പസംഗമം പൂർണ പരാജയമെന്ന് യുഡിഎഫ്

Web Desk
|
21 Sept 2025 1:16 PM IST

സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു

കോഴിക്കോട്: അയ്യപ്പ സംഗമം പൂർണ പരാജയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇനി എഐ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടുകയല്ലാതെ മാർഗമില്ലെന്നും വിശ്വാസം അഭിനയിക്കുന്നവരെ നാട് ഭയക്കണമെന്നും വേണുഗോപാൽ പറഞ്ഞു. സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രം. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിൻ്റെ വേദി ആക്കരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തിയത് ജോത്സ്യരുടെ നിർദേശപ്രകാരമാണെന്നും അയ്യപ്പകോപം മാറ്റാൻ പരിഹാരം തേടിയാണ് ഗോവിന്ദൻ മാസ്റ്റർ ജ്യോത്സ്യരെ കണ്ടതെന്നും എം.കെ രാഘവൻ എംപി ആരോപിച്ചു. പയ്യന്നൂരിലെ മാധവപൊതുവാൾ ആണ് അയ്യപ്പ സംഗമം നടത്താൻ നിർദേശിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തിന് ഒത്താശ ചെയ്ത സർക്കാർ ആണിതെന്നും രാഘവൻ പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ അന്നത്തെ കേസുകളാണ് സർക്കാർ ആദ്യം പിൻവലിക്കേണ്ടതെന്നും എം.കെ രാഘവൻ കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമം പരിപൂർണ പരാജയമെന്ന് രമേശ് ചെന്നിത്തല. 51 രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുമുടി കെട്ടുമായെത്തിയ ഭക്തരുടെ പേര് എഴുതിവെക്കുകയായിരുന്നു. സർക്കാരിന്റേത് തെരഞ്ഞെടുപ്പിന് വോട്ട് തട്ടാനുള്ള കാപട്യം നിറഞ്ഞ ശ്രമമെന്നും രമേശ് പറഞ്ഞു. മുഖം നന്നാവാത്തതിന് ഗോവിന്ദൻ മാഷ് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വർഗീയത പരത്തി വോട്ട് നേടാൻ ആണ് സിപിഎം നീക്കമെന്നായിരുന്നു മുസ്‍ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. കാലിയായ കസേരകൾക്ക് മുന്നിലാണ് ചർച്ചകൾ നടന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും ആരോപിച്ചു



Similar Posts