< Back
Kerala
മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണത്, ജനം ബാലറ്റിലൂടെ മറുപടി നൽകണം: ഉമ തോമസ്
Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണത്, ജനം ബാലറ്റിലൂടെ മറുപടി നൽകണം: ഉമ തോമസ്

Web Desk
|
16 May 2022 7:04 PM IST

ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്നും അബദ്ധം തിരുത്താനുളള ജനങ്ങളുടെ അവസരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം തരംതാണതാണെന്നും ജനം ബാലറ്റിലൂടെ മറുപടി നൽകണമെന്നും ഉമാ തോമസ്. തൃക്കാക്കരയിൽ നടന്ന എൽഡിഎഫ് കൺവെൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

തൃക്കാക്കരയിലെ അബദ്ധം തിരുത്താനുളള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാക്കൾ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.

അതേസമയം, തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ ജോമോന്‍ ജോസഫും മത്സരരംഗത്തുണ്ട്.

സ്ഥാനാർഥികളും ചിഹ്നവും: കോൺഗ്രസ്​ സ്ഥാനാർഥി ഉമ തോമസ്​ (കൈ), സി.പി.എം സ്ഥാനാർഥി ഡോ. ജോ ജോസഫ്​ (ചുറ്റിക അരിവാൾ നക്ഷത്രം), ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്​ണൻ (താമര).

സ്വതന്ത്ര സ്ഥാനാർഥികൾ: അനിൽ നായർ (ബാറ്ററി ടോർച്ച്​), ജോമോൻ ജോസഫ്​ സ്രാമ്പിക്കൽ (കരിമ്പു കർഷകൻ), സി.പി. ദിലീപ്​ നായർ (ടെലിവിഷൻ), ബോസ്​കോ കളമശ്ശേരി (പൈനാപ്പിൾ), മന്മഥൻ (ഓട്ടോറിക്ഷ). ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്വദേശിയാണ്​ ജോമോൻ ജോസഫ്​.


Similar Posts