< Back
Kerala
uma thomas
Kerala

നൃത്തപരിപാടിക്കിടെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസിനെ ഐസിയുവിലേക്ക് മാറ്റി

Web Desk
|
30 Dec 2024 6:29 AM IST

പാലാരിവട്ടത്തെ സ്വാകര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയിലുള്ളത്

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎഎല്‍എ ഉമാ തോമസിനെ ഐസിയുവിലേക്ക് മാറ്റി. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയിലുള്ളത്.

തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ ഉമ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വെന്‍റിലേറ്ററിലുള്ള ഉമയുടെ തലയില്‍ രക്തസ്രാവം നിയന്ത്രണ വിധേയമാണ്. അപകടമുണ്ടായി കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ തോമസിൻ്റെ ആരോഗ്യത്തിൽ തുടക്കത്തിലുണ്ടായിരുന്ന ആശങ്ക നിലവിലില്ലെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. 5 വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ 10.30 ന് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് സംഭവം. നൃത്ത പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിൽ എത്തിയ എംഎൽഎ ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 10 അടിയോളം ഉയരത്തിലുള്ള വിഐപി പവലിയനിൽ നിന്നാണ് എംഎൽഎ വീണത്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്യാലറിയിലുണ്ടായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ചതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആവശ്യത്തിന് സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നില്ല. റിബൺ കെട്ടിയാണ് സ്റ്റേജിൽ ബാരികേഡ് സ്ഥാപിച്ചത്. ഒരു നില ഉയരത്തിലായിരുന്നു സ്റ്റേജ്. ​ഗ്യാലറിയിലെ കസേരകൾ മാറ്റിയാണ് തത്കാലിക സ്റ്റേജ് നിർമിച്ചത്.



Similar Posts