< Back
Kerala
അനുവാദമില്ലാത്ത വിഷയങ്ങൾ ചർച്ചയിൽ വരരുത്: കടുപ്പിച്ച് ദേവസ്വം പ്രസിഡന്‍റ് കെ.ജയകുമാർ
Kerala

'അനുവാദമില്ലാത്ത വിഷയങ്ങൾ ചർച്ചയിൽ വരരുത്': കടുപ്പിച്ച് ദേവസ്വം പ്രസിഡന്‍റ് കെ.ജയകുമാർ

Web Desk
|
22 Nov 2025 6:24 PM IST

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത നിയന്ത്രണവുമായി പ്രസിഡന്റ് കെ. ജയകുമാര്‍. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഒരു വിഷയവും ബോര്‍ഡ് യോഗത്തില്‍ വരാന്‍ പാടില്ലെന്ന് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. അതിനിടെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ ശീര്‍ഷകം മാത്രമാണ് ഇതുവരെ അജണ്ടയായി പ്രസിഡണ്ടിനും മെമ്പര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുന്നത്. ഏതു വിഷയമാണോ ചര്‍ച്ച ചെയ്യേണ്ടത് അതിന് പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍. പ്രസിഡന്റ് അംഗീകരിക്കുന്ന വിഷയങ്ങളില്‍ വിശദമായ കുറിപ്പ് അജണ്ടയായി നല്‍കണം. അജണ്ടയിലെ വിഷയങ്ങള്‍ മുന്‍കൂട്ടി അറിയാതെ പോകുന്നത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് കെ. ജയകുമാര്‍ ഉത്തരവില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളത്.

അതേ സമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ പമ്പയില്‍ യോഗം ചേര്‍ന്നു. ശബരിമല സ്‌പോട്ട് ബുക്കിങിന്റെ എണ്ണം ഇനി പ്രത്യേക കമ്മിറ്റി തിരുമാനിക്കും.

ഓരോ ദിവസത്തെയും സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കുന്നത് കമ്മിറ്റിയാണ്. ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍എഎഫ് സംഘമെത്തി. ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് എത്തിയത്.

മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുന്നത് വരെ സംഘം ശബരിമലയില്‍ തുടരും.

Similar Posts