< Back
Kerala
കേന്ദ്രം തരുന്ന കാവി പണം നിരസിച്ചിരിക്കുന്നു എന്ന് സർക്കാർ പറയട്ടെ; പരിഹാസവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Kerala

'കേന്ദ്രം തരുന്ന കാവി പണം നിരസിച്ചിരിക്കുന്നു എന്ന് സർക്കാർ പറയട്ടെ'; പരിഹാസവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Web Desk
|
31 Oct 2025 10:14 AM IST

പിഎം ശ്രീ പദ്ധതി വേണ്ടെന്ന് പറഞ്ഞ് കത്ത് കൊടുത്താൽ കടലാസിന്റെ വിലയാണെന്നും ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച ശേഷം മരവിപ്പിനുള്ള നീക്കം കാപട്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പദ്ധതി വേണ്ടെന്ന് പറഞ്ഞ് കത്ത് കൊടുത്താൽ കടലാസിന്റെ വിലയാണ്. കാവി പണം വേണ്ടെന്ന് പറയാൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും ജോർജ് കുര്യൻ ചോദിച്ചു.

രണ്ട് സർക്കാരുകളെയും ജനങ്ങൾ തെരഞ്ഞെടുത്തതാണ്.കുട്ടികളുടെ അവകാശം നിഷേധിക്കരുത്.എസ്എസ്കെ ഫണ്ട് പണം നൽകാത്തതിനെ കുറിച്ച് അറിയില്ല.താൻ വിദ്യാഭ്യാസ മന്ത്രിയല്ല. 2023 ജൂണിൽ കേരളത്തിൽ എൻഇപി നടപ്പിലാക്കിയിട്ടുണ്ട്.ആഗോള സിലബസ് എന്ന് പറഞ്ഞാണ് അന്ന് എൻഇപി നടപ്പിലാക്കിയത്. പിഎംശ്രീ ചൈനീസ് നയം എന്ന് പറഞ്ഞു നടപ്പിലാക്കട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

അതേസമയം, പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നൽകേണ്ട കത്തിന്റെ കരട് സർക്കാർ തയ്യാറാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടശേഷം ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.

സിപിഐയുടെ ശക്തമായ എതിർപ്പിനൊടുവിലാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാൻ തീരുമാനമായത്.വിഷയം പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Similar Posts