
ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്തും എത്തി; എഡിജിപി എസ്.ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ പുറത്ത്
|ഭീമ ജ്വല്ലറി സർക്കാറിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽദാന ചടങ്ങിന്റെ ഭാഗമായാണ് പോറ്റി എഡിജിപിയെ നേരിൽ കണ്ടത്
തിരുവനന്തപുരം:ശബരിമലയിലെ സ്പോണറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് രാഷ്ട്രീയ നേതാക്കളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം.ഇവർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു. 2019-ൽ ചെമ്പ് പാളികളാണ് സ്വർണ്ണം പൂശാൻ എത്തിച്ചതെന്ന സ്മാർട്ട് ക്രിയേഷൻസിന്റെ വെളിപ്പെടുത്തലോടെ ഉണ്ണികൃഷ്ണൻ പോറ്റി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ആരോപണങ്ങൾ ശക്തമായി നിലനിൽക്കെയാണ് ഇയാളുടെ ഉന്നത രാഷ്ട്രീയ പോലീസ് ബന്ധങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, സംസ്ഥാന പൊലീസ് മേധാവി ചന്ദ്രശേഖർ, എഡിജിപി എസ് ശ്രീജിത്ത് എന്നിവർക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഭീമ ജ്വല്ലറി സർക്കാറിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽദാന ചടങ്ങിലാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഒപ്പം പോറ്റി നിൽക്കുന്നത്. ഇതേ ചടങ്ങിന്റെ ഭാഗമായാണ് എഡിജിപി എസ് ശ്രീജിത്തിനെയും നേരിൽ കണ്ടത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ഭീമ ജ്വല്ലറി പ്രതിനിധികളും ഈ സമയം ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഉണ്ടായിരുന്നു.
അതിനിടെ, സ്വർണ്ണം പൂശാൻ കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ ചെമ്പ് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സ്മാർട്ട് ക്രിയേഷൻസ് രംഗത്തെത്തി. ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നെങ്കിലും ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി തയ്യാറായില്ല. ദേവസ്വം വിജിലൻസിനു മുന്നിൽ കാര്യങ്ങൾ വ്യക്തമാക്കാമെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ പോറ്റി.