
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു; തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് സൂചന
|മുരാരി ബാബുവുമായി വൈകാതെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. മുരാരി ബാബുവുമായി വൈകാതെ തെളിവെടുപ്പ് നടത്തും. ശബരിമലയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും. നാല് ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ആദ്യ ഒറ്റയ്ക്കും പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഇരുത്തിയും ചോദ്യം ചെയ്തു.
തട്ടിപ്പിനെകുറിച്ച് ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. കേസിലെ പ്രതികളായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ കിട്ടിയാൽ അറസ്റ്റിലേക്ക് കടന്നേക്കും.
അതിനിടെ, ശബരിമല സ്വർണ്ണ കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങി കുളിച്ചു നിൽക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കും വിധം ദേവസ്വം ബോർഡുകൾ മാറി. മാറിമാറിവരുന്ന സർക്കാരുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാവില്ലെന്നും യോഗാനാദത്തിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വിമർശിച്ചു.