
Unnikrishnan Potty | Photo | Special Arrangement
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
|രഹസ്യകേന്ദ്രത്തിലെത്തിച്ച് പോറ്റിയെ ചോദ്യം ചെയ്യുകയാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രഹസ്യകേന്ദ്രത്തിലെത്തിച്ച് പോറ്റിയെ ചോദ്യം ചെയ്യുകയാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്. ചെന്നൈയിലും ഹൈദരാബാദിലും എത്തി സംഘം വിവരം ശേഖരിച്ചിരുന്നു. എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം.
പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് പോറ്റിയെ ചോദ്യം ചെയ്യുന്നത്. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് ഭാരവാഹികൾക്കെതിരെ അന്വേഷണസംഘം കേസെടുത്തിരുന്നു. പോറ്റിയെ ചോദ്യം ചെയ്ത ശേഷം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്നാണ് റിപ്പോർട്ട്. സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
ദേവസ്വം ബോർഡ് ഭാരവാഹികൾക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന സൂചനകൾ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡ് ഭാരവാഹികളുടെ പിന്തുണയില്ലാതെ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാനാവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോറ്റിയെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങളിൽ തുടർനടപടികളുണ്ടാവുമെന്നാണ് വിവരം.