< Back
World
US and Israel warns they will resume attacks on Gaza

Photo| Special Arrangement

World

'​ഗസ്സയിൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ല'; മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും

Web Desk
|
17 Oct 2025 7:16 AM IST

ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബന്ദികളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കി.

വാഷിങ്ടൺ: വെടിനിർത്തൽ തുടരവെ ഗസ്സയ്ക്ക്​ നേരെ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും. ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘങ്ങളെ നേരിടുന്ന ഹമാസിനെ കഴിഞ്ഞദിവസം പിന്തുണച്ച യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ നിലപാട്​ മാറ്റി. ഗസ്സയിൽ ആളുകളെ വധിക്കുന്നത്​ നിർത്തിയില്ലെങ്കിൽ ഹമാസിനെ വധിക്കുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടാകില്ലെന്ന്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകി. ഗസ്സയിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇസ്രയേൽ പിന്തുണയുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരെ ഹമാസ്​ നടപടി സ്വീകരിച്ചതാണ്​ ട്രംപിനെ ചൊടിപ്പിച്ചത്​.

കരാറിൽ വ്യവസ്ഥ ചെയ്ത ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ്​ അനാവശ്യ കാലവിളംബം നടത്തുന്നതായി ഇസ്രയേൽ ആരോപിച്ചു. അധികം വൈകാതെ മൃതദേഹങ്ങൾ കൈമാറിയില്ലെങ്കിൽ ഗസ്സയിലേക്കുള്ള സഹായം നിർത്താനും ആ​ക്രമണം പുനരാരംഭിക്കാനും മടിക്കില്ലെന്ന്​ ഇസ്രായേൽ മുന്നറിയിപ്പ്​ നൽകി. ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബന്ദികളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കി.

പ്രത്യേക ഉപകരണങ്ങൾ ഇല്ലാതെ ഇവ പുറത്തെടുക്കാൻ കഴിയില്ലെന്നും ഹമാസ് അറിയിച്ചു. ഇതിനായി തുർക്കിയിൽ നിന്ന്​ ഉപകരണങ്ങളുമായി വന്നെത്തിയ സംഘത്തിന്​ ഇസ്രായേൽ ഇന്നലെ പ്രവേശനം അനുവദിച്ചില്ല. ഇതുവരെ ഒമ്പത് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. അതേസമയം, ഇസ്രായേൽ കൊലപ്പെടുത്തിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഗസ്സയ്ക്ക് കൈമാറി. മിക്ക മൃതദേഹങ്ങളിലും പീഡനം നടന്നതിന്‍റെയും കൊലപ്പെടുത്തിയതിന്‍റേയും തെളിവുകൾ ലഭിച്ചതായി ഗസ്സയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.

ആകെ 360 ഫലസ്തീൻ മൃതദേഹങ്ങളാണ്​ ഇസ്രായേൽ കൈമാറേണ്ടത്​. എന്നാൽ 120 മൃതദേഹങ്ങൾ മാത്രമാണ്​ കൈമാറിയത്​. റഫ അടഞ്ഞുകിടക്കുന്ന സാഹചര്യം മാനുഷിക പ്രതിസന്ധി വർധിപ്പിക്കുമെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. യമനിൽ ഹൂതി സൈനിക കമാൻഡറെ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അറിയിച്ചു.

Similar Posts