< Back
Kerala
എന്റെ അവസ്ഥ നാളെ ഒരു സ്ത്രീകൾക്കും ഉണ്ടാവാൻ പാടില്ല: വയറ്റിൽ കത്രിക കുടുങ്ങി ചികിത്സയിലായിരുന്ന ഉഷ ജോസഫ് ആശുപത്രി വിട്ടു
Kerala

'എന്റെ അവസ്ഥ നാളെ ഒരു സ്ത്രീകൾക്കും ഉണ്ടാവാൻ പാടില്ല': വയറ്റിൽ കത്രിക കുടുങ്ങി ചികിത്സയിലായിരുന്ന ഉഷ ജോസഫ് ആശുപത്രി വിട്ടു

Web Desk
|
3 March 2026 8:09 PM IST

വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉഷ ജോസഫ്

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷ ജോസഫ് ആശുപത്രി വിട്ടു. ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്ന് ഉഷയും സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്ന് മകൻ ഷിബിനും പറഞ്ഞു.

മെഡിക്കൽ കോളജിലെ ശസ്ത്രകിയ കഴിഞ്ഞ് അഞ്ച് വർഷം പൂർത്തിയാകുമ്പോഴാണ് പുന്നപ്ര സ്വദേശിയായ ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. പിന്നീട് അമൃത ആശുപത്രിയിൽ ചികിത്സ തേടി. സൗജന്യ ചികിത്സയും നൽകി. ആരോഗ്യ നില മെച്ചപ്പെട്ടതോടെയാണ് വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തത്.

സംഭവത്തിന് പിന്നാലെ ഒരു വട്ടം ആരോഗ്യ മന്ത്രി വിളിച്ചെന്നും മറ്റ് തുടർ നടപടികളെ കുറിച്ച് അറിയില്ലെന്നും മകൻ ഷിബിൻ പറഞ്ഞു. അമ്മയുടെ ആരോഗ്യനില തൃപ്തികരം. അണുബാധ ഉണ്ടായിരുന്നു. കുറവുണ്ടായത് കൊണ്ടാണ് ഡിസ്ചാർജ് ചെയ്തത്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും ഷിബിൻ പറഞ്ഞു.

അഞ്ച് വർഷം ഒരുപാട് വേദന അനുഭവിച്ചുവെന്നും ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും ഉഷ ജോസഫ് പറഞ്ഞു. ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്. മകന് സർക്കാർ ഒരു ജോലി നൽകണം. അഞ്ചുവർഷം ചുമന്ന ഭാരം കുറവുണ്ട്. കാരണക്കാരായവർക്കെതിരെ നടപടി വേണം. എന്റെ അവസ്ഥ ഒരു സ്ത്രീകൾക്കും നാളെ വരാൻ പാടില്ലെന്നും അവർ പറഞ്ഞു.

സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് വീഴ്ച സമ്മതിച്ചു. വകുപ്പു തല നടപടികളുമുണ്ടായി. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം. നടന്നത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് സർക്കാർ പ്രതിരോധിക്കുമ്പോൾ സിസ്റ്റം തകരാറിലെന്ന് പറഞ്ഞ് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

Similar Posts