< Back
Kerala
കേരളീയര്‍ക്ക് വേണ്ടി നിയമസഭയില്‍ സര്‍ക്കാറിനെ വിചാരണ ചെയ്യും: വി.ഡി സതീശന്‍
Kerala

കേരളീയര്‍ക്ക് വേണ്ടി നിയമസഭയില്‍ സര്‍ക്കാറിനെ വിചാരണ ചെയ്യും: വി.ഡി സതീശന്‍

Web Desk
|
15 Sept 2025 7:35 AM IST

'അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോഴും ആരോഗ്യവകുപ്പ് ആകാശം നോക്കി നില്‍ക്കുന്നു'

കൊച്ചി: കേരളീയര്‍ക്ക് വേണ്ടി നിയമസഭയില്‍ സര്‍ക്കാറിനെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോഗ്യമേഖല തകര്‍ന്നു. കസ്റ്റഡിമര്‍ദനം നിത്യസംഭവമായി. അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോഴും ആരോഗ്യവകുപ്പ് ആകാശം നോക്കി നില്‍ക്കുന്നുവെന്നും വിമര്‍ശനം.

പരാതി പോലും ഇല്ലാതിരുന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ, കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തു. സര്‍ക്കാര്‍ ബഞ്ചില്‍ ബലാത്സംഗ കേസ് പ്രതിയും മന്ത്രിമാരില്‍ സ്ത്രീപീഡകനുമുണ്ടെന്നും സതീശന്‍ മീഡിയവണിനോട് പറഞ്ഞു.

'സിപിഎം നേതാക്കള്‍ തന്നെ സ്വന്തം പാര്‍ട്ടിക്കാരെ പൊലീസ് സ്റ്റേഷനില്‍ ഇട്ട് തല്ലിചതക്കുന്ന കാലമാണ്. നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ പൊലീസിനെ തന്നെ തകര്‍ന്നിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍ നീതി കൊടുക്കേണ്ട സ്ഥലമാണ്. അവിടെ വാദിയായി ചെല്ലുന്നവര്‍ക്ക് വരെ പൊലീസ് സ്റ്റേഷനില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്.

രണ്ടാമത്തെ കാര്യം ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. മലയോര മേഖല, തീരപ്രദേശം തുടങ്ങി കേരളത്തെ തകര്‍ത്തു. എന്നിട്ട് 9വര്‍ഷത്തിന് ശേഷം അയ്യപ്പ സംഗമം, ന്യൂനപക്ഷ സംഗമം എന്ന പേരില്‍ തട്ടിപ്പ് പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭരണകക്ഷിയാണ് പ്രതിരോധത്തില്‍. ഞങ്ങള്‍ കൃത്യമായ നടപടി സ്വീകരിച്ചു. പരാതി പോലും ഇല്ലാതിരുന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ, കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തു.

ഇത്രയും കരുത്തുറ്റ തീരുമാനം കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും എടുത്തിട്ടില്ല. റേപ്പ് കേസിലെ പ്രതി എല്‍ഡിഎഫ് ബെഞ്ചില്‍ ഇരിക്കുകയാണ്. നാണം കെട്ട സ്ത്രീപീഡന കേസിലെ പ്രതികള്‍ മന്ത്രിമാരായിരിക്കുകയാണ്. തലകുനിക്കേണ്ടത് ഞങ്ങളല്ല. തലകുനിക്കേണ്ടത് പിണറായി വിജയനും അവരുടെ നേതാക്കളുമാണ്. അതുകൊണ്ട് അവരാണ് പ്രതിരോധത്തിലാവുക,' വി.ഡി സതീശന്‍ പറഞ്ഞു.

Similar Posts