< Back
Kerala
ഏതെങ്കിലും ഗ്രൂപ്പിൽ ചേരേണ്ടി വന്നാൽ പാർട്ടിയിൽ ഒരു പദവിയിലും ഉണ്ടാകില്ല: വി.ഡി സതീശൻ
Kerala

ഏതെങ്കിലും ഗ്രൂപ്പിൽ ചേരേണ്ടി വന്നാൽ പാർട്ടിയിൽ ഒരു പദവിയിലും ഉണ്ടാകില്ല: വി.ഡി സതീശൻ

Web Desk
|
3 March 2022 4:57 PM IST

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശൻ പറഞ്ഞു

തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഗ്രൂപ്പിൻ്റെയും ഭാഗമാകില്ല, ഏതെങ്കിലും ഗ്രൂപ്പിൽ ചേരേണ്ടി വന്നാല്‍ പാർട്ടിയിൽ ഒരു പദവിയിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി- വി.ഡി ഗ്രൂപ്പുണ്ടാക്കി പാർട്ടി പിടിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് വി.ഡി സതീശന്‍റെ പ്രതികരണം. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ഈ കുത്തിത്തിരിപ്പിന് പിന്നിൽ ആരാണെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമായി ചർച്ചനടത്തി പുനഃസംഘടന സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. ഹൈക്കമാൻ്റ് അനുമതിയോടെ പുനഃസംഘടന പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനാ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസില്‍ സമവായ ശ്രമം നടക്കുന്നത്. നിലവിലെ അന്തിമ കരട് പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ശ്രമം.

പരാതി നല്‍കിയ എട്ട് എം.പിമാരുമായും വി.ഡി സതീശന്‍ പലതലത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. അത് പൂര്‍ത്തീകരിച്ചാകും കെ.പി.സി.സി അധ്യക്ഷനുമായി ചര്‍ച്ച നടത്തുക. ഇതിനിടയിലാണ് കെ.പി.സി.സി അധ്യക്ഷനൊപ്പം നിലയുറപ്പിച്ച കെ. മുരളീധരന്‍ രമേശ് ചെന്നിത്തലയുമായുള്ള അകല്‍ച്ചകള്‍ പറഞ്ഞ് തീര്‍ത്തത്. സുധാകരനോടും സതീശനോടും അകലാതെ ചെന്നിത്തലയോട് കൂടുതല്‍ അടുക്കുകയാണ് മുരളീധരന്‍. സുധാകരനുമായി സഹകരിച്ച് മുന്നോട്ട് നീങ്ങുകയാണ് ചെന്നിത്തലയും.

പുനഃസംഘടന ഹൈക്കമാന്‍റ് തടഞ്ഞതിന് പിന്നില്‍ കെ.സി വേണുഗോപാലിന്റെ നീക്കമാണെന്ന ആക്ഷേപം സുധാകരനൊപ്പം നിലകൊള്ളുന്ന നേതാക്കള്‍ക്കുണ്ട്. കെ.പി.സി.സി അധ്യക്ഷനെ വിശ്വാസത്തിലെടുത്ത് മാത്രമേ ഹൈക്കമാന്‍റ് മുന്നോട്ട് പോകുകയുള്ളൂവെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം

Similar Posts