'കേരളത്തിനോടുള്ള നിലപാട് കേന്ദ്രം തിരുത്തണം'; വയനാട് പുനരധിവാസത്തിന് വായ്‌പ അനുവദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്
|വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്
വയനാട്: മുണ്ടക്കൈ പുനരധിവാസത്തിനായി പ്രത്യേക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
വയനാട് പുനരധിവാസത്തിനായി പാക്കേജിന് പകരം വായ്പ അനുവദിച്ചത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും വി.ഡി.സതീശൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തോടുള്ള നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ കേരളത്തോട് മനുഷ്യത്വരഹിതമായ നിലപാട് തുടരുകയാണെന്ന് ടി സിദ്ദീഖ് എംഎൽഎയും പ്രതികരിച്ചു.
വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്.