< Back
Kerala
V Karunakaran Nambiar award for best editorial goes to PI Noushad
Kerala

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് 'മാധ്യമം' ജോയിൻറ് എഡിറ്റർ പി.ഐ നൗഷാദിന്

Web Desk
|
29 Jun 2025 9:44 PM IST

2024 ജൂൺ 21ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'കോളനി പടിക്കു പുറത്ത്, സവർണബോധമോ?' എന്ന എഡിറ്റോറിയലിനാണ് പുരസ്കാരം.

തിരുവനന്തപുരം: മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിൻറ് എഡിറ്റർ പി.ഐ നൗഷാദിന്. 2024 ജൂൺ 21ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'കോളനി പടിക്കു പുറത്ത്, സവർണബോധമോ?' എന്ന എഡിറ്റോറിയലിനാണ് പുരസ്കാരം.

ഡോ. സെബാസ്റ്റ്യൻ പോൾ, എസ്.ഡി പ്രിൻസ്, ഡോ. നീതു സോന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും ആണ് പുരസ്‌കാരം. പുരസ്കാരം ആഗസ്റ്റിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. കേരള മീഡിയ അക്കാദമിയുടെ മറ്റു മാധ്യമ അവാർഡുകളും പ്രഖ്യാപിച്ചു.

മികച്ച ഹ്യൂമൻ ഇൻറസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ജില്ല ലേഖകൻ ആർ. സാംബനാണ്. 'കരികൾക്ക് കലികാലം' എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. എം.പി അച്യുതൻ, ശ്രീകുമാർ മുഖത്തല , ആർ.പാർവതി ദേവി എന്നിവരായിരുന്നു വിധി നിർണയ സമിതിയംഗങ്ങൾ.

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി പത്രാധിപ സമിതിയംഗം നീനു മോഹനാണ്. 'കുല മിറങ്ങുന്ന ആദിവാസി വധു' എന്ന പരമ്പരയാണ് നീനുവിനെ അവാർഡിനർഹയാക്കിയത്. കെ.വി. സുധാകരൻ, കെ.ജി. ജ്യോതിർഘോഷ്, ഡോ.എ. ജി. ഒലീന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് മലയാള മനോരമ ദിനപത്രത്തിലെ പൊന്നാനി ലേഖകൻ ജീബീഷ് വൈലിപ്പാട്ട്' അർഹനായി.

'അരിച്ചെടുത്ത് ദുരിത ജീവിതം' എന്ന പരമ്പരയാണ് അവാർഡിനർഹനാക്കിയത്. വിധു വിൻസൻറ്, പി.വി. മുരുകൻ, വി.എം. അഹമ്മദ് എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. വയനാട് ചുരൽ മല ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ദുരന്തമുഖത്തു നിന്നുള്ള ചിത്രം പകർത്തിയ മലയാള മനോരമയിലെ ജിതിൻ ജോയൽ ഹാരിമിനാണ് കേരള മീഡിയ അക്കാദമി ഫോട്ടോഗ്രഫി അവാർഡ്. പ്രമുഖ ചലച്ചിത്രകാരൻ ടി.കെ. രാജീവ് കുമാർ, ബി. ജയചന്ദ്രൻ, യു.എസ്. രാഖി എന്നിവരായിരുന്നു ജൂറിയംഗങ്ങൾ.

ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് മാത്യഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജിന്. മലയാളി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കടൽപ്പശു സംരംക്ഷണത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.

മാതൃഭൂമി ന്യൂസിലെ ആർ.കെ. സൗമ്യ സ്പെഷൽ ജൂറി പുരസ്കാരം നേടി. പാർശ്വവത്കൃതമായ ഗ്രാമീണ ജനതക്ക് നിഷേധിക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിന് പകരം സാരി നൽകി പ്രീണിപ്പിക്കാൻ ശ്രമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച ഒരു വനിതയെ ഫീച്ചർ ചെയ്യുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ന്യൂസ് സ്റ്റോറിയാണ് അവാർഡിന് അർഹയാക്കിയത്. മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ, ബൈജു ചന്ദ്രൻ, ഡോ. മീന ടി. പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

Similar Posts