
അതിക്രമങ്ങളിൽ നടപടിയില്ല; പൊലീസിനെതിരെ പ്രതിഷേധവുമായി വി.കുഞ്ഞികൃഷ്ണൻ
|തൻ്റെ അടുത്ത അനുയായി പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതിലും വി.എസ് അനിൽകുമാറിൻ്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതിലുമുള്ള അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പൊലീസിനെതിരെ പ്രതിഷേധവുമായി വി.കുഞ്ഞികൃഷ്ണൻ. തന്നെ അനുകൂലിച്ചവർക്കെതിരായ ആക്രമണങ്ങളിലെ അന്വേഷണം വൈകുന്നതിനെതിരെയായിരുന്നു പ്രതിഷേധവുമായി കുഞ്ഞികൃഷ്ണൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തിയത്. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉറപ്പ് ലഭിച്ചതോടെ വി.കുഞ്ഞികൃഷ്ണൻ മടങ്ങി.
11 മണിയോടെ തന്നെ അനുകൂലിക്കുന്നവരോടൊപ്പമാണ് വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തൻ്റെ അടുത്ത അനുയായി പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതിലും വി.എസ് അനിൽകുമാറിൻ്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതിലുമുള്ള അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയതായി വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി.കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പ്രകടനം നടത്തിയ പ്രസന്നൻ്റെ ബൈക്ക് ജനുവരി 26 ന് രാത്രിയാണ് വീട്ടുപരിസരത്ത് കത്തിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞി കൃഷ്ണൻ്റെ പുസ്ത പ്രകാശന ചടങ്ങിൽ പുസ്തകം സ്വീകരിച്ച വി.എസ്. അനിൽകുമാറിൻ്റെ കണ്ണപുരത്തെ വീട്ടുമുറ്റത്ത് ഫെബ്രവരി 19 നായിരുന്നു റീത്ത് വച്ച സംഭവം.