< Back
Kerala
വി. കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി; സ്ഥലം ഉടമക്ക് സിപിഎം ഭീഷണിയെന്ന് ആരോപണം
Kerala

വി. കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി; സ്ഥലം ഉടമക്ക് സിപിഎം ഭീഷണിയെന്ന് ആരോപണം

Web Desk
|
21 March 2026 3:08 PM IST

സിപിഎമ്മിൻ്റെ ഭീഷണി കാരണം തനിക്ക് സ്ഥലത്ത് ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ലെന്ന് ഉടമ പറഞ്ഞതായി കുഞ്ഞികൃഷ്ണന്‍ അറിയിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി. സ്ഥലമുടമയുടെ നിര്‍ദേശപ്രകാരം കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ തന്നെയാണ് ഓഫിസ് പൊളിച്ചത്. അതേസമയം, സ്ഥലമുടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

പയ്യന്നൂര്‍ കോത്തായി മുക്കിലാണ് താത്കാലിക ഓഫീസ് നിര്‍മിച്ചത്. ഇന്ന് രാവിലെ നിര്‍മാണം തുടങ്ങി ഉച്ചയോടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് പൊളിച്ചുമാറ്റണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടത്. സിപിഎമ്മിന്റെ ഭീഷണി കാരണം തനിക്ക് സ്ഥലത്ത് ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ലെന്ന് ഉടമ പറഞ്ഞതായി കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തന്നെ ഓഫീസ് അഴിച്ചുമാറ്റുകയായിരുന്നു.

ഫാസിസ്റ്റ് ശൈലിയിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും തനിക്കെതിരെ വ്യാപക നുണപ്രചാരണമാണ് നടത്തുന്നതെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫീസ് പൊളിച്ച് നീക്കിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.


Similar Posts