< Back
Kerala
ആപ്പിന് ആരോ ആപ്പ് വച്ചതാണ്;ഡൽഹി മോഡൽ പഠിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി
Kerala

'ആപ്പിന് ആരോ ആപ്പ് വച്ചതാണ്';ഡൽഹി മോഡൽ പഠിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി

Web Desk
|
24 April 2022 6:31 PM IST

പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ച് ആംആദ്മി രംഗത്തെത്തിയത്

തിരുവനന്തപുരം: ഡൽഹിയിലെ സ്‌കൂളുകൾ സന്ദർശിച്ച കേരളാ സംഘത്തെ കുറിച്ച് ട്വിറ്ററിൽ തർക്കം തുടരുന്നു. ഡൽഹി സ്‌കൂൾ മാതൃക പഠിക്കാൻ എത്തിയ പ്രതിനിധി സംഘത്തിന് സ്വാഗതം ആശംസിച്ച് ആംആദ്മി എംഎൽഎ ഇട്ട ട്വീറ്റ് ആണ് വാദ പ്രതിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നും എത്തിയ ഔദ്യോഗിക സംഘത്തെ കുറിച്ച് എഎപി എംഎൽഎ അതിഷി ആണ് ട്വീറ്റ് ചെയ്തത്. ഡൽഹി മാതൃക കേരളത്തിൽ നടപ്പാക്കാൻ ആണ് അതിഥികളായി എത്തിയവർ ആഗ്രഹിക്കുന്നത് എന്നും അതിഷി ട്വീറ്റ് ചെയ്തു.

ഡൽഹി വിദ്യാഭ്യാസ മോഡൽ കേരളത്തിൽ നടപ്പിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ സന്ദർശനം നടത്തിയെന്ന ആംആദ്മി പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. ഡൽഹി വിദ്യാഭ്യാസ മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി.

ആംആദ്മി പ്രചരണം പങ്കുവച്ച് കൊണ്ട് മന്ത്രി ശിവൻകുട്ടി പറഞ്ഞത് ഇങ്ങനെ: ''ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു. ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എംഎൽഎ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താല്പര്യമുണ്ട്.''

പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ച് ആംആദ്മി രംഗത്തെത്തിയത്. സന്ദർശനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥർ അല്ല, കേരളത്തിലെ സിബിഎസ്ഇ അസോസിയേഷൻ ഉന്നത പ്രതിനിധികളാണെന്നാണ് ആംആദ്മി തിരുത്തിയിരിക്കുന്നത്.

Similar Posts