
'തെറ്റുകാരെ സംരക്ഷിക്കില്ല, സർക്കാർ അയ്യപ്പനോടൊപ്പം': വി. ശിവൻകുട്ടി
|സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും എടുത്ത നിലപാട് അഭിമാനാര്‍ഹമെന്നും തെറ്റുകാരെ സംരക്ഷിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെറ്റുകാരെ സംരക്ഷിക്കില്ലെന്നും സര്‍ക്കാര്‍ അയ്യപ്പനൊപ്പമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജീവന്റെ വിലയെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് നമ്മുടെ നാട്ടുകാര്‍. ഉചിതമായ തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും എടുത്ത നിലപാട് അഭിമാനാര്‍ഹമെന്നും തെറ്റുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'ശബരിമല സ്വര്‍ണക്കൊള്ളയുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരും കൈക്കൊണ്ട തീരുമാനം അഭിമാനാര്‍ഹം തന്നെയാണ്. സത്യസന്ധവും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ നിലപാടാണ് കൈക്കൊണ്ടത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അയ്യപ്പനോടൊപ്പമാണ്'. ശിവന്‍കുട്ടി പറഞ്ഞു.
'തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടും. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ സിപിഎം പിന്തുണക്കുന്നില്ലല്ലോ. തുറന്ന മനസ്സോടെയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നടപടിയെ ഭക്തരും ജനങ്ങളുമെല്ലാം അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.' അറസ്റ്റിലായത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാര്‍.