< Back
Kerala
ആർഎസ്എസ് ​ഗണ​ഗീതം പാടിച്ചത് ​ഗൗരവമേറിയത്, അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി
Kerala

'ആർഎസ്എസ് ​ഗണ​ഗീതം പാടിച്ചത് ​ഗൗരവമേറിയത്', അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി

Web Desk
|
10 Nov 2025 5:16 PM IST

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്നും ശിവൻകുട്ടി പറഞ്ഞു

ന്യൂഡൽഹി: ആർഎസ്എസ് ​ഗണ​ഗീതം വിദ്യാർഥികളെക്കൊണ്ട് പാടിച്ച സംഭവം ​ഗൗരവമേറിയതെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വന്ദേഭാരത് ഉദ്ഘാടനത്തിനിടെ നടന്നത് ഭരണഘടന ലംഘനം. പൊതുവേദിയിൽ കുട്ടികളെ ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെ പ്രചാരകരായി ഉപയോ​ഗിക്കുന്നത് അനുവ​ദിക്കാനാകില്ല. സംഭവത്തിൽ അടിയന്തര ഇടപെടൽ തേടി മന്ത്രിക്ക് കത്ത് നൽകിയെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

'മാതൃകാപരമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കുട്ടികളെ ഇത്തരത്തിൽ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരായി ഉപയോ​ഗിക്കുന്നത് ഒരു നിലക്കും അനുവ​ദിക്കാനാകില്ല. കഴിഞ്ഞ ദിവസം നടന്ന ഭരണഘടന ലംഘനത്തെ കുറിച്ച് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഒരിടത്തും ഇത് ഉപയോ​ഗിക്കരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കുട്ടികളുടെ തട്ടം വിഷയത്തിലും സർക്കാർ കൃത്യമായ നിലപാടെടുത്തിരുന്നു.' മതേതരത്വം മുറുകെ പിടിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും സർക്കാരിന്റെ പരിപാടികൾക്ക് ഏകീകരിച്ച ​ഒരു ​ഗാനം വേണ്ടതുണ്ടെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്നും ശിവൻകുട്ടി പറഞ്ഞു.

'സബ് കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ കത്ത് നൽകൂ. റിപ്പോ‍ർട്ട് എപ്പോഴാണ് പുറത്ത് വരികയെന്ന് ഇപ്പോൾ‍ പറയാനാവില്ല.' ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ബാക്കികാര്യങ്ങൾ വരുന്നിടത്ത് വെച്ച് കാണാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Similar Posts