< Back
Kerala
കുറ്റാരോപിതനെ മുൻനിർത്തിയുള്ള പ്രചാരണം സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം, കോൺഗ്രസ് നടപടിയെടുക്കണം: വി. ശിവൻകുട്ടി
Kerala

'കുറ്റാരോപിതനെ മുൻനിർത്തിയുള്ള പ്രചാരണം സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം, കോൺഗ്രസ് നടപടിയെടുക്കണം': വി. ശിവൻകുട്ടി

Web Desk
|
24 Nov 2025 4:47 PM IST

രാഹുലുമായി ബന്ധപ്പെട്ട വിഷയം കേവല രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തെ ബാധിക്കുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ ഉയര്‍ന്നുവരുന്നത് സ്ത്രീത്വത്തെ ബാധിക്കുന്ന വിഷയമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നിലവില്‍ ഉയര്‍ന്നുവരുന്നത് ഗൗരവകരമായ വിഷയം. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കൃത്യമായ നടപടി കോണ്‍ഗ്രസ് സ്വീകരിക്കണം. രാഹുലുമായി ബന്ധപ്പെട്ട വിഷയം കേവല രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തെ ബാധിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത് ഗൗരവകരമായ വിഷയമാണ്. ഇത് കേവലം രാഷ്ട്രീയ വിഷയമായി കാണേണ്ട ഒന്നല്ല, മറിച്ച് സ്ത്രീത്വത്തെ ബാധിക്കുന്ന വിഷയമാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആള്‍ സജീവമാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. കുറ്റാരോപിതനായ ഒരാളെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രാഹുലിനെ മാറ്റണോ വേണ്ടയോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കണം. മാറ്റിയില്ലെങ്കില്‍ അത്് എല്‍ഡിഎഫിന് ഗുണം ചെയ്യും.' ശിവന്‍കുട്ടി പറഞ്ഞു.

ശാസ്ത്രമേളയില്‍ രാഹുലുമായി വേദി പങ്കിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കുട്ടികളെ ഓര്‍ത്താണ് ഇറങ്ങിപ്പോവാതിരുന്നതെന്നാണ് മന്ത്രിയുടെ മറുപടി.

കുറ്റാരോപിതനായിട്ടുള്ള ഒരാളെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നത് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കപട നാടകം അവസാനിപ്പിച്ച് കൃത്യമായ നടപടി കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന് ശക്തിപകരുന്ന കൂടുതല്‍ ശബ്ദസന്ദേശങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഇന്ന് പുറത്തുവന്നിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ സന്ദേശമാണ് പുറത്തുവന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ അതുകഴിഞ്ഞാവാമെന്നും പ്രതികരിച്ച രാഹുല്‍ സന്ദേശം തന്റെയാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

അതേസമയം, പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികള്‍ക്ക് പ്രയോജനമെന്ന് കേന്ദ്രത്തിന്റെ വാദം പൊള്ളത്തരമെന്നും ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളെ വെട്ടിച്ചുരുക്കുന്ന ലേബര്‍ കോഡില്‍ കേരളത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

Similar Posts