< Back
Kerala
കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിന്‍റെ പാരമ്പര്യം; ഫേസ്ബുക്ക് പോസ്റ്റുമായി വി.ശിവൻകുട്ടി

Photo| Facebook

Kerala

'കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിന്‍റെ പാരമ്പര്യം'; ഫേസ്ബുക്ക് പോസ്റ്റുമായി വി.ശിവൻകുട്ടി

Web Desk
|
17 Oct 2025 12:45 PM IST

ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്

തിരുവനന്തപുരം: ശിരോവസ്ത്ര വിലക്കിനെ തുടര്‍ന്ന് പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂൾ മാറുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിന്‍റെ പാരമ്പര്യം' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടി പഠനം നിർത്തി പോയാൽ പള്ളുരുത്തി സെന്‍റ് റീത്താ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 'ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ ? ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്' എന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണ്. യുനിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാൻ സാഹചര്യമുണ്ടായിരുന്നു. യുനിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞിരുന്നു. മകൾ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ പോകുമ്പോൾ അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകൾ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികൾക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളിൽ ഇനി മകളെ വിടാനാവില്ല. പരാതിയിൽ നീതിപൂർവം ഇടപെട്ട സർക്കാരിന് നന്ദിയുണ്ടെന്നും പിതാവ് അനസ് വ്യക്തമാക്കുന്നു.

രണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. പരാതിക്കാരിയായ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ആരോഗ്യപ്രശ്നങ്ങൾ കാരണം അവധിയിലായിരുന്നു. നേരത്തെ, ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. സംഭവത്തിൽ പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Similar Posts