
'താല്‍പര്യം ഇല്ലെന്ന് അറിയിച്ചിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർഥിയാക്കി?'; താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ വി.അബ്ദുറഹ്മാൻ
|സിപിഎം നേതൃത്വം അബ്ദുറഹ്മാനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്
താനൂര്‍: സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി രണ്ട് ദിവസം പിന്നിട്ടിട്ടും താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ എല്‍ഡിഎഫ് സ്ഥാനാർഥി വി.അബ്ദുറഹ്മാൻ. മത്സരിക്കാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർഥി ആക്കിയതിൽ അബ്ദുറഹ്മാന് അതൃപ്തിയുണ്ടെന്നാണ് സൂചന. അബ്ദുറഹ്മാനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് സിപിഎം നേതൃത്വം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ഥികളെല്ലാവരും റോഡ് ഷോ അടക്കം നടത്തി സജീവ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന് മാത്രമല്ല, സിപിഎം ജില്ലാ നേതാക്കള്‍ ഫോണ്‍ വിളിച്ചിട്ടും അബ്ദുറഹ്മാൻ സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വിവരമുണ്ട്.
എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നാണ് അബ്ദുറഹ്മാന്‍റെ അനുയായികള്‍ പറയുന്നത്. ആരോഗ്യപ്രശ്നം മാറിയാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.