< Back
Kerala
വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം
Kerala

വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം

Web Desk
|
2 Sept 2022 11:51 AM IST

ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്

വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

നേരത്തേ രണ്ടാം പ്രതിയായ എം.മധുവിന് ഹൈക്കോടതി തന്നെ ജാമ്യം നൽകിയിരുന്നു. പ്രദീപ് കുമാർ എന്ന പ്രതി ആത്മഹത്യ ചെയ്യുകയും മറ്റൊരു പ്രതിക്ക് ജുവനൈൽ കോടതിയിൽ വിചാരണ തുടർന്നു കൊണ്ടിരിക്കുകയുമാണ്. എല്ലാ പ്രതികളും ഇപ്പോൾ ജയിൽമോചിതരായിട്ടുണ്ട്. നേരത്തേ എല്ലാ പ്രതികളെയും പാലക്കാട് പോക്‌സോ കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. എന്നാൽ 2021 ജനുവരി 6ന് ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും പ്രതികളെല്ലാവരും വീണ്ടും ജയിലിലാവുകയും ചെയ്തു.

നിലവിൽ ഒരുപാട് വിസ്താരങ്ങൾക്ക് ശേഷമാണ് ജാമ്യം നൽകിയിരിക്കുന്നത്. പ്രതികൾക്ക് നേരത്തെയും ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ സാക്ഷികളെ സ്വാധീനിച്ച ചരിത്രമില്ലാത്തത് കൊണ്ട് ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

2017 ജനുവരി 13നാണ് 13 വയസ്സുകാരിയെയും മാർച്ച് 4ന് സഹോദരിയായ ഒമ്പത് വയസുകാരിയെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പോലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാസമാണ് വാളയാർ കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടത്.

Similar Posts