< Back
Kerala
കോഴിക്കോട് വലിയങ്ങാടി അപകടം; കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും
Kerala

കോഴിക്കോട് വലിയങ്ങാടി അപകടം; കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും

Web Desk
|
24 Feb 2026 7:04 AM IST

എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധനയാണ് ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് തകർന്നു വീണത്

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധനയാണ് ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.

അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് മേയർ ഒ.സദാശിവം രാവിലെ 9.30ന് മാധ്യമങ്ങളെ കാണും.

ഇന്നലെയാണ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്‍റെ സൺ ഷെയ്ഡ് തകർന്ന് വീണത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഉച്ചയ്ക്ക് 11.55 ഓടെയാണ് അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്‍റെ സൺഷെയ്ഡ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു എന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിർദേശം ചില വ്യാപാരികൾ അവഗണിച്ചു എന്ന് നാട്ടുകാർ ആരോപിക്കുന്നു.



Similar Posts