< Back
Kerala
വർക്കല ട്രെയിനിലെ ആക്രമണം; ചികിത്സയിലായിരുന്ന ശ്രീക്കുട്ടി ആശുപത്രി വിട്ടു
Kerala

വർക്കല ട്രെയിനിലെ ആക്രമണം; ചികിത്സയിലായിരുന്ന ശ്രീക്കുട്ടി ആശുപത്രി വിട്ടു

Web Desk
|
2 March 2026 4:45 PM IST

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൊച്ചി: വർക്കലയിൽ ട്രെയിനിൽ നിന്ന് ആക്രമണത്തിന് ഇരയായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ആശുപത്രിയിൽ നിന്നും മടങ്ങി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് ശ്രീക്കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷമാണ് ഡിസംബർ 25ന് ശ്രീക്കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടത് പ്രകോപന കാരണം. ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചിരുന്നു. പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയായിരുന്നു.

രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ചുകൊണ്ടാണ് പ്രതി ട്രെയിനിൽ കയറിയത്. വാഷ്റൂമിൽ പോയി മടങ്ങിയെത്തുന്ന പെൺകുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാൾ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നൽകുമെന്ന് പെൺകുട്ടികൾ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് പെൺകുട്ടികളെ ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീഴുകയും അർച്ചന ഡോറിൽ പിടിച്ചുതൂങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ ശബ്ദം കേട്ട് മറ്റ് യാത്രക്കാർ ഓടിക്കൂടിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനായത്.

Similar Posts