< Back
Kerala
ഗവര്‍ണറുടെ കാരണം കാണിക്കൽ നോട്ടീസിന് വി.സിമാർ തിരക്കിട്ട് മറുപടി നൽകില്ല; തീരുമാനം കൂടിയാലോചനക്ക് ശേഷം
Kerala

ഗവര്‍ണറുടെ കാരണം കാണിക്കൽ നോട്ടീസിന് വി.സിമാർ തിരക്കിട്ട് മറുപടി നൽകില്ല; തീരുമാനം കൂടിയാലോചനക്ക് ശേഷം

Web Desk
|
25 Oct 2022 6:25 AM IST

ഗവർണർക്കെതിരെ എല്‍ഡിഎഫിന്റെ പരസ്യപ്രതിഷേധം ഇന്ന്

തിരുവനന്തപുരം: ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വി.സിമാർ തിരക്കിട്ട് മറുപടി നൽകില്ല. സർക്കാരുമായും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം വിശദീകരണം നൽകുന്നതിൽ തീരുമാനമെടുക്കും. അതേസമയം, ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇടത് വിദ്യാർഥി, അധ്യാപക സംഘടനകളുടെ തീരുമാനം.

അടുത്ത മാസം മൂന്നാം തീയതി വൈകിട്ട് അഞ്ചു മണിക്കുള്ളിൽ വി.സിമാർ വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം. എന്നാൽ ധൃതി പിടിച്ച് നോട്ടീസിന് മറുപടി നൽകേണ്ടതില്ലെന്നാണ് വി.സിമാരുടെ തീരുമാനം. നിയമോപദേശം തേടിയ ശേഷമേ എന്ത് മറുപടി നൽകണമെന്ന കാര്യം തീരുമാനിക്കൂ. വിശദീകരണം ലഭിച്ച ശേഷം സാവകാശം നടപടി എന്നതാണ് രാജ്ഭവന്റെ നിലപാട്.

സുപ്രിംകോടതി വിധി പ്രകാരം പുറത്താക്കപ്പെട്ട സാങ്കേതിക സർവകലാശാല വി.സിക്ക് നോട്ടീസിന് മറുപടി നൽകേണ്ടതില്ല. എന്നാൽ വിരമിച്ചെങ്കിലും കേരള വി.സി നോട്ടീസിന് മറുപടി നൽകും. വി.പി മഹാദേവൻപിള്ളയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ ആരോഗ്യ സർവകലാശാല വി.സി ഡോ സജി ഗോപിനാഥിനാണ് കേരള സർവകലാശാലയുടെ താൽകാലിക ചുമതല. എന്നാൽ സാങ്കേതിക സർവകലാശാലയിലെ വി.സിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി ഡോ.മുബാറക് പാഷ, ഡിജിറ്റൽ സർവകലാശാല വി.സി ഡോ.സജി ഗോപിനാഥ് എന്നിവരോടും ചാൻസലർ വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്. ഇവരും മൂന്നാം തീയതിക്കകം തന്നെ മറുപടി നൽകണം. ഗവർണറുടെ ഈ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് ഇടത് അധ്യാപക- വിദ്യാർഥി സംഘടനകളുടെ അഭിപ്രായം. വരും ദിവസങ്ങളിലും സർവകലാശാലകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കും.


Similar Posts